മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് അമ്പിളി ദേവി. മക്കൾക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പോസ്റ്റ് ചെയ്ത ഇളയ മകൻ അച്ചുവിന്റെ ക്യൂട്ട് വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'വഴിമാറെടാ മുണ്ടക്കൽ ശേഖരാ' എന്ന മോഹൻലാലിന്റെ സൂപ്പർഹിറ്റ് ഡയലോഗ് പറയുന്ന അച്ചുവാണ് വീഡിയോയിലുള്ളത്. കാറിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. അച്ചുവിനെക്കൂടാതെ അമ്പിളി ദേവിയുടെ മൂത്തമകനെയും വീഡിയോയിൽ കാണാം.
രണ്ട് മക്കളും അമ്മയെ കെട്ടിപ്പിടിച്ച് തുരുതുരെ മുത്തംവയ്ക്കുന്നതും വീഡിയോയിലുണ്ട്. 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മനസിലുള്ള എല്ലാ സങ്കടങ്ങളും മക്കളിലൂടെ മാറും','സുന്ദര നിമിഷങ്ങൾ', 'ഇങ്ങനെയായിരിക്കണം മക്കൾ' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.