
ന്യുമോണിയക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കുന്നതിനാണ് എല്ലാ വർഷവും നവംബർ 12 ന് ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നത്. 2009 നവംബർ 12നാണ് ലോകത്തിലെ ആദ്യ ന്യുമോണിയ ദിനം ആചരിച്ചത്. ന്യുമോണിയക്കെതിരായ ആഗോള പ്രവർത്തനങ്ങളെ പറ്റി സമൂഹത്തെ ബോധവൽക്കരിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
ന്യുമോണിയ എല്ലാ പ്രായത്തിലുള്ള ആളുകളെയും ബാധിക്കുന്നു. എന്നാൽ കുട്ടികളെയും പ്രായമായവരെയും സാമൂഹിക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ബാധിക്കുമ്പോൾ മരണനിരക്കും രോഗാവസ്ഥയും വർദ്ധിക്കുന്നതായി കാണുന്നു. അതുകൊണ്ട് സഹാറ, ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിൽ ന്യുമോണിയ മൂലമുള്ള മരണം കൂടുതലാണ്.
എന്താണ് ന്യുമോണിയ?
ശ്വാസകോശ സംബന്ധമായ അണുബാധയാണ് ന്യുമോണിയ. ശ്വാസകോശത്തിൽ പഴുപ്പും ദ്രാവകവും നിറയുകയും, ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും, ഇതുമൂലം ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള കുട്ടികളിൽ മരണത്തിന് കാരണമാകുന്ന പ്രധാന പകർച്ചവ്യാധിയാണ് ന്യുമോണിയ. കൊവിഡ് ന്യുമോണിയയെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം, ഡെൽറ്റ വേരിയന്റ് കൊവിഡ് സമയത്ത് ഇത് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായിരുന്നു.
ന്യുമോണിയയുടെ കാരണങ്ങൾ
വൈറസുകൾ, ബാക്ടീരിയകൾ അല്ലെങ്കിൽ ഫംഗസുകൾ പോലുള്ള സൂക്ഷ്മാണുക്കൾ ന്യുമോണിയക്ക് കാരണമാകാം. ബാക്ടീരിയൽ ന്യുമോണിയയാണ് സാധാരണയായി കാണപ്പെടുന്നത്. ബാക്ടീരിയൽ ന്യുമോണിയയ്ക്ക് കാരണമാകുന്നത് സ്ട്രെപ്റ്റോകോക്കൈ / ഹീമോഫിലസ് ഇൻഫ്ളുവൻസയും വൈറൽ ന്യുമോണിയ ഉണ്ടാക്കുന്നത് ഇൻഫ്ളുവൻസയും റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസുമാണ്.
ന്യുമോണിയ പടരുന്നതെങ്ങനെ?
സൂക്ഷ്മാണുക്കൾ അടങ്ങിയ വായുവിലൂടെയോ തുള്ളികളിലൂടെയോ ഉള്ള വ്യാപനമാണ് സാധാരണയായി കണ്ടുവരുന്നത്. രോഗം ബാധിച്ച വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ഇത് പടരുന്നു. രക്തത്തിലൂടെയും ഇത് പടരാം, പ്രത്യേകിച്ച് ഗർഭിണിയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്.
ന്യുമോണിയയുടെ ലക്ഷണങ്ങൾ
എല്ലാ ന്യുമോണിയയുടെയും ലക്ഷണങ്ങൾ സമാനമാണ്; പനി, ചുമ, ശ്വാസതടസ്സം, വേഗത്തിലുള്ള ശ്വസനം എന്നിവയാണ് ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ, പ്രത്യേകിച്ച് കുഞ്ഞുങ്ങളിലും പ്രായമായവരിലും, ഇത് സ്വഭാവ മാറ്റമായോ അപസ്മാരമായോ പ്രത്യക്ഷപ്പെടാം.
ന്യുമോണിയയുടെ അപകട ഘടകങ്ങൾ
കുട്ടികളിലും പ്രായമായവരിലും പോഷകാഹാരക്കുറവുള്ള വ്യക്തികളിലും അനിയന്ത്രിതമായ പ്രമേഹം, എച്ച്ഐവി, വൃക്കസംബന്ധമായ അസുഖങ്ങൾ, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ പോലെയുള്ള മുൻകാല രോഗങ്ങളുള്ളവർ, കീമോതെറാപ്പി എടുക്കുന്ന രോഗികൾ അല്ലെങ്കിൽ പോസ്റ്റ് ട്രാൻസ്പ്ലാന്റ് രോഗികൾ എന്നിവർക്ക് രോഗപ്രതിരോധ ശേഷി കുറവായിരിക്കും. മലിനീകരണം പോലെയുള്ള പാരിസ്ഥിതിക ഘടകങ്ങൾ, ചേരികൾ പോലെയുള്ള തിരക്കേറിയ പ്രദേശങ്ങളിൽ താമസിക്കുന്നത്, പുകവലി, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയാണ് സാമൂഹിക ഘടകങ്ങൾ.
ചികിത്സ
രോഗ കാരണത്തെ ആശ്രയിച്ച് ആന്റിബയോട്ടിക്കുകൾ, അന്റാസിഡുകൾ, ആന്റിഫംഗൽ എന്നിവയും പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടുന്ന ഉചിതമായ മരുന്നുകൾ, രോഗ തീവ്രത വർദ്ധിക്കുമ്പോൾ രോഗിക്ക് ശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ വെന്റിലേറ്റർ സഹായം തുടങ്ങിയവയാണ് ചികിത്സാ മാർഗ്ഗങ്ങൾ.
രോഗ പ്രതിരോധം
കുഞ്ഞുങ്ങളിൽ പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ്, ആദ്യ ആറ് മാസങ്ങളിൽ മുലപ്പാൽ മാത്രം നൽകുന്നത് ന്യുമോണിയ തടയാൻ സഹായിക്കുന്നു. മലിനീകരണം തടയുന്നതും നല്ല ശുചിത്വ ശീലങ്ങൾ പാലിക്കുകയും, പുകവലിയും മയക്കുമരുന്ന് ഉപയോഗവും ഉപേക്ഷിക്കുകയും ചെയ്യുക.
ഇൻഫ്ളുവൻസ, ന്യൂമോകോക്കൽ വാക്സിനുകൾ എന്നിവയുള്ള വാക്സിനേഷൻ ഉയർന്ന അപകടസാദ്ധ്യതയുള്ള മുതിർന്നവർക്ക് നൽകുന്നതും ന്യുമോണിയ തടയാൻ സഹായിക്കുന്നു. ഉചിതമായ മരുന്നുകൾ ഉപയോഗിച്ച് മതിയായ ചികിത്സ നൽകിയാൽ ന്യുമോണിയ ഭേദമാകുമെന്നതിനാൽ രോഗബാധിതരായ വ്യക്തികളുടെ പ്രതിരോധത്തിലും നേരത്തെയുള്ള ചികിത്സയിലും ഈ രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നത് വലിയ തോതിൽ സഹായകമാണ്.
ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ ന്യുമോണിയയെ കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ എല്ലാവർക്കും കൈകോർക്കാം. ഈ ന്യുമോണിയ ദിനത്തിന്റെ പ്രമേയത്തിൽ പരാമർശിച്ചിരിക്കുന്ന പ്രതികൂല സാഹചര്യത്തെ ('കൊവിഡ് 19 മഹാമാരി, കാലാവസ്ഥാ വ്യതിയാനവും സംഘർഷവും എന്നിവയുടെ സംയോജിത ഫലങ്ങൾ ജീവിതത്തിലുടനീളം ന്യുമോണിയ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകളെ അണുബാധയുടെ അപകടസാദ്ധ്യതയിലേക്ക് നയിക്കുന്നു') മറികടക്കാൻ ഇത് സഹായിക്കുന്നു.
Dr. Sofia Salim Malik
Senior Consultant Pulmonologist,
Allergy, Immunology &Sleep Consultant
SUT Hospital, Pattom