
തിരുവനന്തപുരം: മാദ്ധ്യമങ്ങളിൽ കൂടി അറിഞ്ഞതും മേയർ പറഞ്ഞതുമല്ലാതെ കൂടുതലൊന്നുമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി. നേരിട്ട് മൊഴി നൽകിയെന്നാണ് ആനാവൂർ വിശദീകരിക്കുന്നതെങ്കിലും പാർട്ടി പരിപാടികളുടെ തിരക്ക് പറഞ്ഞ് ഫോണിലൂടെയാണ് മൊഴി നൽകിയതെന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നത്.
കത്തിനെ കുറിച്ച് അറിയില്ലെന്നും കോർപ്പറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നൽകിയിട്ടില്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ മൊഴി നൽകിയത്. വീട്ടിൽ വച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്.
കോർപ്പറേഷനിലെ കരാർ നിയമനത്തിന് പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുളള വിവാദ കത്തിൽ പരാതി നൽകിയ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു.
നഗരസഭയിൽ തുടർച്ചയായ അഞ്ചാം ദിവസവും സമരപരമ്പര അരങ്ങേറുമ്പോൾ മേയർ ആര്യാ രാജേന്ദ്രന്റെയും പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ. അനിലിന്റെയും കത്തുകളിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് വിജിലൻസ്. തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് എസ്.പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം ഉത്തരവിൽ വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുളള അഴിമതിക്കുള്ള നീക്കത്തിന്റെ ഭാഗമാണോ കത്ത്, പിൻവാതിൽ നിയമനവുമായി ബന്ധമുണ്ടോ എന്നിവയാണ് പ്രാഥമികമായി പരിശോധിക്കുക. പരാതിക്കാരോട് മൊഴി രേഖപ്പെടുത്താൻ എസ്.പിയുടെ മുന്നിലെത്താനും നിർദ്ദേശമുണ്ട്. കോൺഗ്രസ് മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ അടക്കം നാലുപേരാണ് പരാതിക്കാർ. അതിനിടെ പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മൊഴി നൽകി. ഉള്ളൂരിലെ ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റിൽ വച്ചായിരുന്നു ആനാവൂരിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. വിവാദത്തിന് ആധാരമായ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് മൊഴിനൽകിയതെന്ന് ആനാവൂർ കേരളകൗമുദിയോട് പറഞ്ഞു.
ഇന്നലെ നഗരസഭയിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി ഒ.ബി.സി മോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കുണ്ട്. നഗരസഭയുടെ മതിൽ ചാടിക്കടന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ പ്രവർത്തകർക്ക് പിന്തുണയുമായി സമരസ്ഥലത്തെത്തി. നഗരസഭയിൽ പിൻവാതിൽ നിയമനം നടക്കുന്നത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ജാവദേക്കർ പറഞ്ഞു. കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളംകാലം താൻ മേയറായി തുടരുമെന്ന് ആര്യാ രാജേന്ദ്രൻ തിരിച്ചടിച്ചു. സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്‌ഘാടനം ചെയ്‌ത യു.ഡി.എഫ് സമരവും സംഘർഷത്തിൽ കലാശിച്ചു.
വിവാദം തണുക്കുമ്പോൾ നടപടി
കത്ത് വിഷയത്തിൽ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണ കമ്മിഷന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ദിശ മനസിലാക്കി പാർട്ടി അന്വേഷണം മതിയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. ആരോപണ വിധേയർക്കെതിരെ തത്കാലം നടപടിയെടുക്കേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനമെന്നും സൂചനയുണ്ട്. വിവാദം തണുക്കുമ്പോൾ നടപടിയെടുക്കുന്നതാണ് ഉചിതമെന്നാണ് പാർട്ടിക്കുള്ളിലെ പ്രബല വിഭാഗത്തിന്റെ അഭിപ്രായം.
ക്രൈംബ്രാഞ്ച് അന്വേഷണം കടുത്താൽ?
ക്രൈംബ്രാഞ്ചിന് മേയർ നൽകിയ മൊഴിയിലെ പരാമർശങ്ങളിൽ ഭൂരിഭാഗവും വിരൽ ചൂണ്ടുന്നത് വ്യാജരേഖ ചമച്ചുവെന്നതിലേക്കാണ്. അന്വേഷിച്ച് റിപ്പോർട്ട് നൽകിയാൽ മാത്രം മതിയെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്ന നിർദ്ദേശം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കേസെടുത്താൽ മേയറുടെ ഓഫീസിലേക്ക് പരിശോധന നീളും. കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഫോൺ, ഓഫീസ് ഫയലുകൾ എന്നിവ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടിവരും. കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്‌ക്ക് നശിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ വ്യാജരേഖ തയ്യാറാക്കിയവരെയും കൈമാറിയവരെയും പ്രതികളാക്കി കേസെടുത്ത് അറസ്റ്റിലേക്ക് കാര്യങ്ങൾ നീളും.