-pm-modi

ന്യൂഡൽഹി: തെലങ്കാന സർക്കാരിനെതിരെ വിമർശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അധിക്ഷേപിക്കുന്നതിൽ പ്രശ്നമില്ലെന്നും ദിവസവും രണ്ട് മൂന്ന് കിലോ വിമർശനമാണ് തനിക്ക് ലഭിക്കുന്നതെന്നും എന്നാൽ പാർട്ടി പ്രവർത്തകർ അത്തരം വികാര പ്രകടനങ്ങളിൽ വീണ് പോകരുതെന്നും തെലങ്കാനയിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കുടുംബത്തിന് പ്രാധാന്യം നൽകുന്ന സർക്കാരല്ല മറിച്ച് ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരിനെയാണ് സംസ്ഥാനത്തിനാവശ്യമെന്നും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ പരോക്ഷമായി വിമർശിച്ച് കൊണ്ട് മോദി പറഞ്ഞു.

തെലങ്കാനയിൽ കേന്ദ്ര സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളെ മറച്ചു പിടിക്കാനുള്ല ശ്രമമാണ് കെസിആർ സർക്കാർ നടത്തുന്നത്. അഴിമതി ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്നാണ് പ്രതിപക്ഷ കക്ഷികൾ സഖ്യം ചേരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ കെസിആറിന്റെ അന്ധവിശ്വാസങ്ങളെയും മോദി പരിഹസിച്ചു. വസതി, ഓഫീസ് എന്നിവയുടെ സ്ഥാനനിര്‍ണയം, മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കല്‍ എന്നിവയില്‍ കെസിആര്‍ പുലര്‍ത്തുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങൾ സാമൂഹിക നീതിയ്ക്ക് വലിയ പ്രതിബന്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഠിനാദ്ധ്വാനത്തിനിടയിലും താൻ തളരാത്തതിന് കാരണം തനിക്ക് നേരെ ഉയരുന്ന അധിക്ഷേപങ്ങൾ പോഷകമായി മാറ്റാൻ കഴിയുന്നത് കൊണ്ടാണെന്ന് പ്രധാന മന്ത്രി പറത്തു. നിരാശയോ ഭയമോ മൂലമാണ് ചിലയാളുകൾ മോദിയെ അധിക്ഷേപിക്കുന്നത്. ഇത്തരത്തിൽ ദിനം തോറും രണ്ട് മൂന്ന് കിലോ മോശം വാക്കുകൾ ഭുജിക്കാറുണ്ട് എന്നെയും ബിജെപിയെയും അധിക്ഷേപിച്ചാൽ തെലങ്കാനയുടെ അവസ്ഥയും ജനങ്ങളുടെ ജീവിതാവസ്ഥയും മെച്ചപ്പെടുന്നെങ്കിൽ അത് തുടർന്നോളു പക്ഷേ തെലങ്കാനയിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണെങ്കിൽ വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.