
സിനിമാ പ്രേമികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം നിവിൻ പോളി-രാജീവ് രവി ചിത്രം 'തുറമുഖം' വീണ്ടും റിലീസിന് തയ്യാറാകുന്നു. സെൻസറിംഗ് പൂർത്തിയാക്കി യു/എ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷവും റിലീസിൽ അനിശ്ചിതത്വം നിലനിന്നിരുന്ന ചിത്രം ഡിസംബർ 22-ന് പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 2022-ൽ പുറത്തിറങ്ങാനുള്ള ചുരുക്കം നിവിൻ പോളി ചിത്രങ്ങളിൽ ആരാധകർ വിജയ പ്രതീക്ഷ പുലർത്തിയിരുന്ന ചിത്രമായിരുന്നു തുറമുഖം.
ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ താരവും പരസ്യമായി തന്നെ നിരാശ പ്രകടിപ്പിച്ചിരുന്നു. ചിത്രത്തെ സംബന്ധിച്ച ചില ഇടപാടുകൾ പൂർത്തീകരിക്കാൻ നേരിട്ട കാലതാമസമാണ് റിലീസ് വൈകാൻ കാരണമായതെന്നായിരുന്നു നിർമാതാക്കളുടെ വിശദീകരണം. എന്നാലിപ്പോൾ ചിത്രത്തിന്റെ വിതരണക്കാരായ മാജിക് ഫ്രെയിംസ് റിലീസിനായി തിയേറ്ററുകൾ ചാർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.
ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ , നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാജീവ് രവി ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. . 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കെ.എം. ചിദംബരത്തിന്‍റെ നാടകത്തെ ആസ്‍പദമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. എഡിറ്റിംഗ് ബി അജിത്‌കുമാർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആർഒ എ.എസ്. ദിനേശ്, ആതിര ദിൽജിത്