
വയനാട്: പോക്സോ കേസ് ഇരയായ പെൺകുട്ടിക്ക് നേരെ കൈയേറ്റം നടത്തിയെന്ന പരാതിയിൽ എ,എസ്,ഐയെ സസ്‌പെൻഡ് ചെയ്തു. അമ്പ ലവയൽ ഗ്രേഡ് എ.എസ്.ഐ ടി.ജി. ബാബുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊലീസ് സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ, സി.പി.ഒ എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും. പതിനാറുകാരിയുടെ പരാതിയിൽ കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായരാണ് നടപടിയെടുത്തത്.
കഴിഞ്ഞ 26ന് അമ്പലവയൽ പൊലീസ് ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴാണ് സംഭവം. തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ഇരയ്ക്ക് നേരെ കൈയേറ്റം നടന്നത്.ഗ്രേഡ് എ.എസ്.ഐ ടി.ജി. ബാബു പെൺകുട്ടിയെ മാറ്റി നിറുത്തി കൈയിൽ കയറി പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഷെൽട്ടർ ഹോമിലെ കൗൺസലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് സി,.ഡബ്ലിയു,സി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. ഇതേതുടർന്നാണ് എ.എസ്.ഐയെ സസ്പെൻഡ് ചെയ്തത്. പൊലീസ് സംഘത്തിലുണ്ടായിരുന്ന എസ്.ഐ സോബിൻ, സി.പി.ഒ പ്രജിഷ എന്നിവർക്ക് നേരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും.
പോക്സോ വകുപ്പ് പ്രകാരം അമ്പലവയൽ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യ വിലോപം നടന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.