
തിരുവനന്തപുരം: സർക്കാർ അപേക്ഷാ ഫോമുകളിൽ ഇനി മുതൽ ലിംഗപരിഷ്കാരം പ്രാബല്യത്തിൽ. ലിംഗ നിഷ്പക്ഷത നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പുതിയ ഉത്തരവ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിൻ പ്രകാരം വിവിധ സർക്കാർ അപേക്ഷാ ഫോമുകളിൽ 'ഭാര്യ' എന്നതിന് പകരം 'ജീവിത പങ്കാളി' എന്ന് ഉൾപ്പെടുത്തും.
അപേക്ഷയിലെ ഭാര്യ പ്രയോഗം ഒഴിവാക്കിയതിനൊപ്പം മറ്റു ചില മാറ്റങ്ങളും പുതിയ നടപടി വഴി നിലവിൽ വരും. ഫോമിൽ രക്ഷകർത്താക്കളുടെ വിവരം രേഖപ്പെടുത്തുന്ന ഭാഗങ്ങളിൽ ഏതെങ്കിലും ഒരു രക്ഷകർത്താവിന്റെ മാത്രം വിശദാംശങ്ങൾ രേഖപ്പെടുത്താൻ അനുവദിക്കുന്നതായിരിക്കും. കൂടാതെ അവൻ/ അവന്റെ എന്ന് ഉപയോഗിക്കുന്നിടത്ത് അതിന് പകരമായി അവൻ /അവൾ, അവന്റെ /അവളുടെ എന്നീ രീതിയിലുള്ള മാറ്റങ്ങളാണ് വിവിധ ചട്ടങ്ങളിലെ മാർഗിർദേശങ്ങളിലും ഒപ്പം അപേക്ഷകളിലും ഉത്തരവ് പ്രകാരം ഉൾക്കൊള്ളിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉപയോഗത്തിലുള്ള അപേക്ഷാ ഫോമുകളിൽ ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതിന്റെ ആദ്യ പടിയെന്ന നിലയിൽ പുതിയ ഉത്തരവിലെ മാർഗനിർദേശങ്ങൾ എല്ലാ വകുപ്പ് മേധാവികൾക്കും നൽകിയിട്ടുണ്ട്.