guinness-record

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന ഓർമപ്പെടുത്തൽ നിരന്തരം കേൾക്കാറും കാണാറുമുള്ലവരാണ് മലയാളികൾ. മദ്യപാനം നിയമവിധേയമാണെങ്കിലും പരിധി വിട്ട ലഹരി ഉപഭോഗം മൂലമുണ്ടാകുന്ന ആരോഗ്യ, സാമൂഹിക പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ഇത്തരത്തിലുള്ള നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ സാധാരണയായി തങ്ങളുടെ ചെയ്തികൾക്ക് കണക്കിന് പഴി കേൾക്കാറുള്ള മദ്യപാനികൾക്കിടയിൽ സാക്ഷാൽ ഗിന്നസ് റെക്കോർഡിൽ. തന്നെ ഇടം പിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ഹെയിൻറിച്ച് ഡി വില്ലിയേഴ്സ്

ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ പബ്ബുകൾ സന്ദർശിച്ചതാണ് ഇയാളുടെ പേരിലുള്ള ഗിന്നസ് റെക്കോർ‌ഡ്. മെൽബൺ സ്വദേശിയായ ഹെയിൻറിച്ച് ഡി വില്ലിയേഴ്സും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും റെക്കോർഡ് നേട്ടത്തിനായി ഒരു ദിവസം സന്ദർശിച്ച പബ്ബുകളുടെ എണ്ണം കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് പ്രകാരം 78 വിവിധമായ പബ്ബുകളാണ് ഈ വിരുതൻമാർ 24 മണിക്കൂറിനുള്ളിൽ സന്ദർശിച്ചത്.

വെറുതെ കുടിച്ച് പൂസാവുക എന്നതല്ലായിരുന്നു ഇവരുടെ റെക്കോർഡ് നേട്ടത്തിന് പിന്നിലുള്ള ലക്ഷ്യം. കൊവിഡ് മൂലം കച്ചവടം കുറവായ രാജ്യത്തിലെ പല പ്രദേശങ്ങളിലുള്ള പബ്ബുകളെ വാർത്തകളിൽ കൊണ്ട് വരാനും അത് വഴി കച്ചവടം വർധിപ്പിക്കാനുമായിരുന്നു തങ്ങളുടെ നിസ്വാർഥമായ റെക്കോർഡ് നേട്ടമെന്നാണ് മൂവർ സംഘത്തിന്റെ വിശദീകരണം. ഒരു ദിവസത്തിൽ ഇത്രയും പബ്ബുകൾ സന്ദർശിച്ച് ഇവർ മദ്യപിച്ച് അവശരായി പോയില്ലേയെന്ന സംശയം പലർക്കും തോന്നിയേക്കാം. ഗിന്നസിന്റെ മാർഗ നിർദേശ പ്രകാരം ഒരു പബ്ബിൽ നിന്നും കുറഞ്ഞത് 125 മില്ലി മാത്രം ഇവർക്ക് കുടിച്ചാൽ മതിയാകും.ഒരു ദിവസത്തിനുള്ളിൽ 67 പബ്ബുകൾ സന്ദർശിച്ച ഇംഗ്ലണ്ട് സ്വദേശിയായ നതാൻ ക്രിംപിന്റെ റെക്കോർഡ് പഴങ്കഥയാക്കിയാണ് ഡിലില്ലിയേഴ്സും സംഘവും ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.