
ലണ്ടൻ: ബ്രിട്ടീഷ് എയർവേയ്സിലെ പുരുഷ പൈലറ്റുമാർക്കും ക്രൂ മെമ്പേഴ്സിനും ഇനി മുതൽ മേക്കപ്പും ആഭരണങ്ങളും ധരിക്കാം. ജെൻഡർ ന്യൂട്രാലിറ്റി പ്രോത്സാഹിപ്പിക്കുന്ന നടപടിയുടെ ഭാഗമായാണ് യുകെയുടെ ഔദ്യോഗിക വിമാന കമ്പനിയുടെ പുതിയ തീരുമാനം. ഇതിനായി പുറത്തിറക്കിയ മെമോയിൽ യൂണിഫോമിലുള്ള എല്ലാ ജീവനക്കാർക്കും കൺമഷി, കമ്മൽ എന്നിവ അണിയാമെന്നും മുടിയിൽ ബൺ ധരിക്കാമെന്നും വിശദമാക്കുന്നുണ്ട്. കൂടാതെ ഹാൻഡ് ബാഗ് അടക്കം കൈയ്യിൽ കരുതാനും നഖം പോളിഷ് ചെയ്യാനും പുരുഷ ജീവനക്കാർക്കും പുതിയ തീരുമാനം അനുവാദം നൽകുന്നുണ്ട്. തിങ്കളാഴ്ച മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക.
'അഭിമാനത്തോടെയിരിക്കുക, നിങ്ങളായിരിക്കുക' എന്ന സന്ദേശത്തോടെയാണ് ബ്രിട്ടീഷ് എയർവേയ്സ് ജീവനക്കാർക്കായുള്ല ചരിത്ര മെമോ പുറത്തിറക്കിയത്. എല്ലാ തൊഴിലാളികളെയും ഒരു പോലെ ഉൾക്കൊള്ളുന്നതിനുള്ള സാഹചര്യം തയ്യാറാക്കി നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് വഴി അവർക്ക് അവരായ് തന്നെ ജോലിയ്ക്കെത്താനുള്ല സ്വാതന്തൃം നൽകുകയാണെന്നും ബ്രിട്ടീഷ് എയർവേയ്സ് വ്യക്തമാക്കി. ചരിത്രത്തിലാദ്യമായാണ് ലിംഗ നിഷ്പക്ഷതയുടെ പേരിൽ ഇത്തരം സൗജന്യങ്ങൾ ബ്രിട്ടീഷ് എയർവേയ്സ് പുരുഷ ജീവനക്കാർക്ക് അനുവദിച്ച് നൽകുന്നത്.