visit-visa

റിയാദ്: സന്ദർശന വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് വിസ പുതുക്കുന്നതിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി. വിസ പുതുക്കുന്നതിനായി പുതിയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കണമെന്ന് ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ അറിയിച്ചു. വിസിറ്റിംഗ് വിസ നീട്ടിനൽകാൻ അഭ്യർഥിക്കുന്ന സമയത്ത് പുതുക്കിയ വിസയോടൊപ്പം ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതായിരിക്കും.

തവുനിയ, ബൂപ, മെഡ്ഗള്‍ഫ്, ഗള്‍ഫ് യൂണിയന്‍, അറേബ്യന്‍ ഷീല്‍ഡ് കോഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ്, അറേബ്യന്‍ കോഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ്, അല്‍ ഇത്തിഹാദ് കോഓപ്പറേറ്റീവ്, അല്‍ സഗര്‍ കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, എഎക്‌സ്എ കോഓപ്പറേറ്റീവ്, അലൈഡ് കോഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ് ഗ്രൂപ്പ്, അല്‍ റാജ്ഹി തകാഫുല്‍, വലാ, സൗദി ഇനായ തുടങ്ങിയ സൗദിയിലെ ലൈസന്‍സുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇത്തരത്തിലുള്ള അംഗീകൃത കമ്പനികളിൽ നിന്ന് തന്നെ നിർബന്ധമായും ഇൻഷുറൻസ് നേടിയിരിക്കണം.

വിസിറ്റിംഗ് വിസയുടെ കാലാവധി പുതിയ നിർദേശപ്രകാരം 180 ദിവസം വരെ നീട്ടി നൽകുന്നതായിരിക്കും. വിസാ കാലാവധി 180 ദിവസത്തില്‍ കൂടുതലാകാത്ത നിലയിലായിരിക്കും വിസ ദീർഘിപ്പിച്ച് നൽകുക. സൗദിയില്‍ എത്തിയത് മുതലുള്ള കാലാവധിയാണ് ഇതിനായി പരിഗണിക്കുക. ഇതിനായി നിശ്ചിത തുക ഫീസിനത്തിൽ നൽകേണ്ടതുണ്ട്.


വിസിറ്റ് വിസയിൽ എത്തുന്നവരുടെ താമസക്കാലാവധിയും വർധിപ്പിച്ചിട്ടുണ്ട്. സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകളില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാവുന്ന കാലാവധി മൂന്ന് മാസമായി വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി കഴിഞ്ഞു. ട്രാന്‍സിറ്റ് വിസകളില്‍ എത്തുന്നവരുടെ താമസ കാലാവധി 96 മണിക്കൂറായും വര്‍ധിപ്പിച്ചിട്ടുണ്ട്. വിസ ഘടനയിലെ ഭേദഗതികള്‍ അനുസരിച്ച്, സന്ദര്‍ശനത്തിനായുള്ള ട്രാന്‍സിറ്റ് വിസയുടെ സാധുത മൂന്ന് മാസമായിരിക്കും. ഈ വിസയില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി 96 മണിക്കൂര്‍ വരെ സൗദിയില്‍ തങ്ങാം.

വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്ക് കനത്ത പിഴയായിരിക്കും ഒടുക്കേണ്ടി വരിക. കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമായിരിക്കും ഇത്തരക്കാരിൽ നിന്നും പിഴയീടാക്കുക. 15,000 ദിർഹം വരെ പിഴയീടാക്കുന്നതിനൊപ്പം സൗദിയിൽ നിന്നും നാടുകടത്താനുള്ള നടപടിയും അധികൃതർ സ്വീകരിക്കും.