cricket

മെൽബൺ : ട്വന്റി20യിലെ പുതിയ ലോകചാമ്പ്യൻമാരെ ഇന്നറിയാം. മഴയുടെ ഭീഷണി നിലനിൽക്കെ ഇന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് ഫൈനൽ. ഏറെക്കുറെ ഒരുപോലെയാണ് ഫൈനൽ വരെ ഇരുടീമുകളടേയും യാത്ര. ഇടയ്ക്ക് അനിശ്ചിത്വത്തിലായിരുന്നെങ്കിലും അവസാന നിമിഷം സൂപ്പർ 12ലെ അതാതു ഗ്രൂപ്പുകളിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ഇരുടീമും സെമി ഉറപ്പിക്കുകയായിരുന്നു. എന്നാൽ സെമിയിൽ ഇരുടീമും യഥാർത്ഥ മികവിലേക്ക് ഉയരുകയായിരുന്നു. പാകിസ്ഥാൻ ഇത്തവണ ആദ്യം സെമി ഉറപ്പിച്ച ന്യൂസിലൻഡിന്റെ പ്രതീക്ഷകളെ തല്ലിക്കൊഴിച്ചപ്പോൾ ഇംഗ്ലണ്ട് കപ്പ് ഫേവറിറ്റുകളായ ഇന്ത്യയ്ക്ക് മടക്ക ടിക്കറ്റെഴുതി.

പച്ചപ്പടയുടെ പ്രതീക്ഷ

ബാബർ അസമിന്റെ കീഴിൽ ഒരുയൂണിറ്റായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ ഒരുവട്ടം കൂടി ട്വന്റി20 ലോകകിരീടത്തിൽ മുത്തമിടാനാകുമെന്ന ശുഭ പ്രതീക്ഷയിലാണ്. റിസ്വാനൊപ്പം സെമിയിൽ ബാബറും താളം കണ്ടെത്തിയത് പാക് ക്യാമ്പിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സെമിയിൽ ന്യൂസിലൻഡിനെതിരെ ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. മികച്ച ഫോമിലുള്ള മൊഹമ്മദ് ഹാരിസ് വെടിക്കെട്ട് തുടർന്നാൽ പാകിസ്ഥാന് കാര്യങ്ങൾ എളുപ്പമാകും. ഓൾറൗണ്ട് മികവുമായി ഷദാബ് ഖാൻ മാച്ച് വിന്നറാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഷഹീൻ ഷാ അഫ്രീദിയുടെ നേതൃത്വത്തിൽ ഹാരിസ് റൗഫും, നസീം ഷായും മുഹമ്മദ് വാസിമും അണിനിരക്കുന്ന പേസ് ഡിപ്പാർട്ട്‌മെന്റ് ടൂർണമെന്റിലെ ഒന്നാം നമ്പറാണ്. സെമിയിൽ കളിച്ച അതേ ഇലവൻ തന്നെ ഫൈനലിലും ഇറങ്ങാനാണ് സാദ്ധ്യത.

ഇടിവെട്ടാകാൻ ഇംഗ്ലണ്ട്

സെമിയിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ ആധികാരിക ജയം ഫൈനലിൽ പാകിസ്ഥാനെതിരേയും ആവർത്തിക്കാനാണ് ജോസ് ബട്ട്ലറുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് പടയൊരുക്കം. ബിഗ്ബാഷ് ലീഗിൽ മിന്നും പ്രകടനങ്ങളുമായി ആസ്‌ട്രേലിയൻ മൈതാനങ്ങളെക്കുറിച്ച് മറ്രാരെക്കാളും നന്നായി അറിയാവുന്ന അലക്സ് ഹെയ്ൽസും വമ്പനടികളുടെ അപ്പോസ്തലൻ ജോസ് ബട്ട്ലറും ഇന്ത്യയ്‌ക്കെതിരെ കത്തിക്കയറിയപോലെ നിറഞ്ഞാടിയാൽ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകും. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ കുതിപ്പിന് ഏറെ ഇന്ധനം നൽകിയവരാണ് ഇരുവരും. മാച്ച് വിന്നർമാരായ സ്റ്റോക്സ്, സാം കറൻ, മോയിൻ അലി, വെടിക്കെട്ട് വീരൻ ലിവിംഗ്സ്റ്റൺ എന്നിവരെല്ലാം ഇംഗ്ലണ്ടിനെ കരുത്തരുടെ സംഘമാക്കുന്നു. സെമിയിൽ പരിക്ക് മൂലം കളിക്കാനാകാതിരുന്ന ടൂർണമെന്റിലെ ഏറ്രവും വേഗമേറിയ ബൗളർ മാർക് വുഡ്ഡും, ട്വന്റി20 സ്‌പെഷ്യലിസ്റ്റ് ഡേവിഡ് മലൻ എന്നിവർ ഇലവനിൽ മടങ്ങിയെത്താൻ സാദ്ധ്യതയുണ്ട്. ഇന്നലെ ഇരുവരും നെറ്റ്സിൽ ഏറെ നേരം ചെലവഴിച്ചിരുന്നു. അതേസമയം വുഡിന് പകരം ടീമിലെത്തിയ ജോർദാൻ നല്ല പ്രകടനം പുറത്തെടുത്തതിനാൽ അദ്ദേഹത്തിനെ ഒഴിവാക്കുന്ന കാര്യം വലിയ തലവേദനയാണ്.


പിച്ച് റിപ്പോർട്ട്

സാധാരണ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചാണ് മെൽബണിലേത്. പേസർമാർക്ക് മികച്ച ബൗൺസ് ലഭിക്കാറുണ്ട്. 160 റൺസിന്റെ വിജയലക്ഷ്യമൊക്കെ വെല്ലുവിളിയാണ്.

മഴഭീഷണി

മെൽബണിൽ ഇന്ന് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെ വന്നാൽ റിസർവ് ദിനമായ നാളെ മത്സരം നടത്താം. എന്നാൽ നാളെയും മഴയ്ക്ക് സാദ്ധ്യതയുണ്ട്. രണ്ടിന്നിംഗ്സുകളിലും കുറഞ്ഞത് പത്തോവറെങ്കിലും എറിഞ്ഞില്ലെങ്കിൽ മത്സരം ഉപേക്ഷിക്കേണ്ടി വരും. അങ്ങനെ വന്നാൽ ഇരുടീമും കപ്പ് പങ്കിടും.

ലൈവ് : ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്‌പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും.