cctv-

തിരുവനന്തപുരം : ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കി എന്നാരോപിച്ച് സർക്കാർ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച രണ്ട് പേർ പിടിയിലായി. നെയ്യാറ്റിൻകര കുഞ്ചാലുംമൂട് സ്വദേശികളായ അനീഷും അഷ്‌കറുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികൾ കീഴടങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്യും. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശിയും കൃഷിവകുപ്പിലെ ജീവനക്കാരനുമായ പ്രദീപിനാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ നീറമൺകരയിൽ വച്ച് മർദ്ദനമേറ്റത്.

അതേസമയം കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചു. കരമന പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മനോജിനെയാണ് സസ്‌പെൻഡ് ചെയ്തത്. സ്‌റ്റേഷനിലെ എസ് ഐ സന്ധുവിനെതിരെ വകുപ്പ് തല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിറക്കി.


അക്രമത്തിൽ പരാതിക്കാരൻ തന്നെ ദൃശ്യങ്ങൾ കണ്ടെത്തി കൊണ്ടുകൊടുത്തിട്ടും നടപടി സ്വീകരിക്കാതിരുന്ന പൊലീസ് നടപടി വിവാദമായിരുന്നു. സംഭവം വിവാദമായതോടെ നാലാംദിവസമാണ് പ്രതികൾക്കെതിരെ വധശ്രമം ചുമത്തി കേസെടുത്തത്. ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ചത് അനീഷും അഷ്‌കറുമാണെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

സംഭവം ഇങ്ങനെ
നിറമൺകര ജംഗ്ഷനിൽ ഹൈൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കൾ സിഗ്നൽ ലഭിക്കാൻ കാത്തുനിൽക്കുകയായിരുന്നു. ഇവർക്ക് പിന്നിലായായി പ്രദീപും ബൈക്കിൽ കാത്തുനിന്നു. ഇതിനിടെ ആരോ ഹോൺ മുഴക്കി. ഹോൺ കേട്ടതോടെ ക്ഷുഭിതനായി ബൈക്കിന് പിറകിലിരുന്നയാൾ ഇറങ്ങിവന്ന് കയർത്തു. ബൈക്ക് സൈഡിലേക്ക് ഒതുക്കിയശേഷം അത് ഓടിച്ചിരുന്ന യുവാവും എത്തി ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. താനല്ല ഹോൺ മുഴക്കിയതെന്ന് പറഞ്ഞിട്ടും പ്രദീപിനെ തള്ളി താഴെയിട്ട് ആക്രമിക്കുകയായിരുന്നു. സിഗ്നൽ മാറിയതോടെ രണ്ടുപേരും ബൈക്കിൽ രക്ഷപ്പെട്ടു.

തലയ്ക്കു പരിക്കേറ്റ പ്രദീപിനെ ചില യാത്രക്കാരും നാട്ടുകാരും ചേർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കരമന പൊലീസിൽ നേരിട്ടെത്തി പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. ഇതോടെയാണ് പ്രദീപ് തൊട്ടടുത്തുള്ള കടകളിൽ നിന്ന് സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് നൽകിയത്.