wedding-clash-

ബാലരാമപുരം: ബാലരാമപുരത്ത് വിവാഹ പാർട്ടിക്കിടെയുണ്ടായ കൂട്ടത്തല്ലിൽ വധുവിന്റെ പിതാവിനടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 7.30ഓടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സത്കാരത്തിനിടെയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമടക്കമുള്ളവർക്ക് പരിക്കേറ്റത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡയായിൽ പ്രചരിച്ചു.

തലയ്ക്ക് പരിക്കേറ്റ വധുവിന്റെ പിതാവ് അനിൽകുമാറിനെയാണ് (51) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനിൽകുമാറും അയൽക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പ്രശ്നമുണ്ടാക്കാനെത്തിയ അയൽക്കാരനെ വധുവിന്റെ വീട്ടുകാർ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. എന്നിട്ടും ഇയാൾ പാർട്ടി നടക്കുന്ന ഹാളിലേക്കെത്തി വധുവിന്റെ പിതാവിന് 200 രൂപ ഉപഹാരമായി നൽകി. എന്നാൽ വധുവിന്റെ പിതാവ് ഇത് സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് ഇയാൾ പുറത്തുപോയി സംഘം ചേർന്നെത്തി ഓഡിറ്റോറിയത്തിലുണ്ടായിരുന്നവരെയൊക്കെ മർദ്ദിക്കുകയായിരുന്നു.

തുടർന്ന് വിവാഹ സത്കാരത്തിനെത്തിയവരും പ്രതിരോധിച്ചതോടെ അടിപിടി കൂട്ടത്തല്ലിലേക്ക് കലാശിച്ചു. സംഘമറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് കൂട്ടയടി ഒഴിവാക്കാനായില്ല. തുടർന്ന് കൂടുതൽ പൊലീസ് എത്തിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. ഇതിനിടെ അക്രമത്തിന് നേതൃത്വം നൽകിയ അഭിജിത്ത് പൊലീസിന്റെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടു. അഭിജിത്തിനെതിരെ മകനെ തല്ലിയ സംഭവത്തിൽ ഒരു പരാതി നൽകിയിരുന്നതായി അനിൽകുമാർ പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാകാം അക്രമം എന്നാണ് കരുതുന്നത്. നൂറിലേറെ പേർ സംഘടിച്ചെത്തിയാണ് തന്നെ ചവിട്ടി വീഴ്ത്തി മർദ്ദനം ആരംഭിച്ചതെന്നും വിവാഹം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടത്തിയാണ് അക്രമം നടത്തിയതെന്നും അനിൽകുമാർ പറഞ്ഞു.