
വാഷിംഗ്ടൺ: യു എസ് മിഡ്ടേം തിരഞ്ഞെടുപ്പിൽ സെനറ്റിൽ ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിൽ അധികാരം നിലനിർത്തി ഡെമോക്രാറ്റുകൾ. കഴിഞ്ഞ ദിവസം പിന്നിലായിരുന്ന ഡെമോക്രാറ്റുകൾ അരിസോണ സീറ്റിൽ മാർക്ക് കെല്ലിയുടെ വിജയത്തോടെയാണ് റിപ്പബ്ലിക്കൻമാർക്കൊപ്പമെത്തിയത്. ഇപ്പോഴിതാ നെവാഡയിലും വിജയിച്ച് അമ്പത് സീറ്റ് തികച്ചിരിക്കുകയാണ് ഡെമോക്രാറ്റുകൾ. ഇതോടെ 100 അംഗ സെനറ്റിൽ അമ്പത് സീറ്റുകൾ ഡെമോക്രാറ്റിക് പാർട്ടി സ്വന്തമാക്കി.
ഇരുപാർട്ടിയും ഒപ്പത്തിനൊപ്പമായതോടെ നെവാഡ, ജോർജിയ സീറ്റുകളിലെ ഫലമാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. ഇതിൽ ഒരു സീറ്റ് ലഭിച്ചാലും ഡെമോക്രാറ്റുകൾക്ക് സെനറ്റിൽ ആധിപത്യം നേടാനാവും. ഇതാണ് നൊവാഡയിലെ ഫലപ്രഖ്യാപനത്തോടെ തീരുമാനമായത്. ഇരു കൂട്ടരും 50 - 50 എന്ന നിലയിലെത്തിയാൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ടൈ ബ്രേക്കിംഗ് വോട്ട് ഉപയോഗിക്കാമെന്നതാണ് ഡെമോക്രാറ്റുകൾക്ക് ആശ്വാസമേകുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജോർജിയയിൽ ഇരു പാർട്ടി സ്ഥാനാർത്ഥികൾക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ഡിസംബർ 6ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. ജോർജിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വെർനോക്കിന് 49.4 %, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഹെർഷെൽ വാക്കറിന് 48.5 % വീതം വോട്ടാണ് ലഭിച്ചത്. രണ്ടാം തിരഞ്ഞെടുപ്പിൽ റാഫേൽ മുന്നിലെത്തുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ.