g-sudhakaran-

ആലപ്പുഴ : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പുതിയ നിലപാടുമായി മുൻ മന്ത്രി ജി സുധാകരൻ. 50 വയസുകഴിഞ്ഞ സ്ത്രീകളേ ശബരിമലയിൽ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജ്യോതിഷ താന്ത്രിക വേദി ജില്ലാ കമ്മിറ്റിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി ജ്യോതിഷ ചർച്ചയും ജ്യോതിഷ താന്ത്രിക പ്രതിഭാ പുരസ്‌കാര വിതരണവും നിർവഹിക്കാനെത്തിയതായിരുന്നു അദ്ദേഹം. ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങൾ ലോകത്തുണ്ടെന്നും, ഇതിൽ അജ്ഞാതമായവയുള്ളിടത്തോളം ലോകത്തിൽ ജ്യോതിഷത്തിനു പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദു പുരോഹിതർ അടിവസ്ത്രമിടണമെന്ന് താൻ മുൻപ് നടത്തിയ വിവാദ പ്രസ്താവനയെക്കുറിച്ചും സുധാകരൻ സംസാരിച്ചു. കല്യാണത്തിനും മറ്റു പൊതുചടങ്ങുകളിലും ഹിന്ദു പുരോഹിതർ അടിവസ്ത്രം ധരിക്കണമെന്ന് പറഞ്ഞത് നല്ല ലക്ഷ്യത്തോടെ പറഞ്ഞതാണെന്നും, ക്രിസ്ത്യൻ, മുസ്ലിം പുരോഹിതർ പാദംപോലും കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. എന്നാൽ ചിലർ തന്റെ അഭിപ്രായത്തെ കളിയാക്കുകയായിരുന്നു.

കിടങ്ങാംപറമ്പ് എൽ.പി സ്‌കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ വേദി ചെയർമാൻ കെ. സാബു വാസുദേവ് ജ്യോത്സ്യൻ അദ്ധ്യക്ഷത വഹിച്ചു. ജ്യോതിഷരംഗത്ത് 50വർഷം പൂർത്തീകരിച്ച ആലപ്പുഴ ടി.ശിവൻകുട്ടി ജ്യോത്സ്യരെ ആദരിച്ചു. ഡോ. വിഷ്ണു നമ്പൂതിരി മാവേലിക്കര, ഡോ. ശ്രീനിവാസൻ കണ്ണൂർ, ഞാറക്കൽ സുകുമാരൻ തന്ത്രി , ശശിധരൻ ജ്യോത്സ്യർ, ചേർത്തല സുബ്രഹ്മണ്യൻ പിള്ള വൈക്കം, ചവറ രാജേന്ദ്രൻ ജ്യോത്സ്യർ, സുരേഷ്‌കുമാർ വയലാർ, ജയൻ ആനന്ദ് സജിത്കുമാർ, രാമവർമ്മ, അഭിലാഷ് എന്നിവർ സംസാരിച്ചു.