
ഡാലസ്: യു എസിലെ ഡാലസ് എക്സിക്യുട്ടീവ് വിമാനത്താവളത്തിൽ എയർ ഷോയ്ക്കിടെ വിമാനാപകടം. രണ്ടാം ലോകമഹയുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ബോയിംഗ് ബി 17 ബോംബർ വിമാനവും ബെൽ പി 63 കിംഗ് കോബ്ര എന്ന വിമാനവുമാണ് കൂട്ടിയിടിച്ചത്. 'മെമ്മോമറേറ്റീവ് എയർഫോഴ്സ് വിംഗ്സ് ഓവർ ഡാലസ്' എന്ന പരിപാടിക്കിടെ നടന്ന അപകടത്തിൽ ഇതുവരെ ആറ് പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ കൃത്യമായ കണക്ക് അധികൃതർ പുറത്ത് വിട്ടിട്ടില്ല.
ബെൽ പി 63 കിംഗ് കോബ്ര എന്ന ചെറിയ വിമാനം നിയന്ത്രണംവിട്ട് ബോയിംഗ് ബി 17 ൽ ഇടിച്ചു കയറുകയായിരുന്നു. അപകടസമയത്ത് എത്രപേർ വിമാനങ്ങളിൽ ഉണ്ടായിരുന്നു എന്ന് അധികൃതർ അറിച്ചിട്ടില്ല. എന്നാൽ ബി 17 ൽ സാധാരണയായി നാലോ അഞ്ചോ ജീവനക്കാർ ഉണ്ടാക്കാറുണ്ട്. പി 63ൽ പെെലറ്റിന് മാത്രമാണ് സീറ്റ് ഉണ്ടായിരുന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
— Giancarlo (@GianKaizen) November 12, 2022
കൂട്ടിയിടിയുടെ കാരണം അവ്യക്തമാണെന്നും അന്വേഷണം നടത്തുമെന്നും ഡാലസ് മേയർ എറിക് ജോൺസ് അറിയിച്ചു. സംഭവത്തെ തുടർന്ന് യു എസ് ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരെ ബോംബ് ആക്രമണത്തിന് ഉപയോഗിച്ചിരുന്ന നാല് എൻജിൻ ബോംബറാണ് ബോയിംഗ് ബി 17. യു എസ് കമ്പനിയായ ബെൽ ക്രാഫ്റ്റ് നിർമിച്ച യുദ്ധവിമാനമായ ബെൽ പി 63 കിംഗ് കോബ്ര സോവിയറ്റ് സേനയാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്.