
ന്യൂഡൽഹി: ഇക്വറ്റോറിയൽ ഗിനിയയിൽ നിന്ന് നൈജീരിയയിൽ എത്തിച്ച ഇന്ത്യക്കാരടക്കമുള്ള നാവികർ തുറമുഖത്ത് തുടരുന്നു. ഹീറോയിക് ഇഡുൻ കപ്പലിൽ നൈജീരിയൻ സൈനികരുടെ കാവലിലാണ് ജീവനക്കാർ. അതേസമയം, നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്ന് മലയാളികളായ നാവികർ പറഞ്ഞു.
നൈജീരിയൻ സേന തടവിലാക്കിയിരിക്കുന്ന ഇന്ത്യൻ നാവികരുടെ മോചനത്തിനായുള്ള നയതന്ത്രതല ചർച്ച തുടരുകയാണ്. കഴിഞ്ഞദിവസം വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നൈജീരിയൻ ഹൈക്കമ്മീഷണറുമായി ചർച്ച നടത്തിയിരുന്നു. മലയാളികളായ വിജിത്ത്, മിൽട്ടൻ എന്നിവരടക്കമുള്ള ഒൻപത് ഇന്ത്യക്കാരാണ് പതിനഞ്ചംഗ സംഘത്തിലുള്ളത്.
മൂന്നു മലയാളികൾ ഉൾപ്പടെ 26 ജീവനക്കാരാണ് ഗിനിയയിൽ നാവികസേനയുടെ പിടിയിലായ കപ്പലിൽ ഉണ്ടായിരുന്നത്. നൈജീരിയയുടെ സമുദ്രാതിർത്തിയിൽ നിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചുവെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിന് പിന്നാലെ ഗിനി പട്ടാളം ആവശ്യപ്പെട്ട പ്രകാരം 20 ലക്ഷം ഡോളർ പിഴയായി കപ്പൽ കമ്പനി കൈമാറിയിരുന്നു. എന്നാൽ കപ്പൽ ജീവനക്കാർ പ്രത്യേക നിയമനടപടി നേരിടണമെന്നാണ് ഗിനി പട്ടാളത്തിന്റെ ആവശ്യം. അങ്ങനെവന്നാൽ ജീവനക്കാർ മാസങ്ങളോളം നൈജീരിയൻ ജയിലിൽ കഴിയേണ്ടി വരും.