
ലക്‌നൗ: വളർത്തുമൃഗങ്ങൾ ആക്രമിച്ചാൽ ഇനി മുതൽ ഉടമസ്ഥർ പതിനായിരം രൂപ പിഴയൊടുക്കണം. മാത്രമല്ല ആക്രമിക്കപ്പെട്ട ആളിന്റെയോ മൃഗത്തിന്റെയോ മുഴുവൻ ചികിത്സാചെലവും ഉടമസ്ഥൻ ഏറ്റെടുക്കണം. 2023 മാർച്ച് ഒന്ന് മുതലാണ് നടപടി പ്രാബല്യത്തിൽ വരുന്നത്. ഉത്തർപ്രദേശിലെ നോയിഡ ഭരണകൂടമാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
തെരുവ് നായ്‌ക്കളുടെയും വളർത്തുമൃഗങ്ങളുടെയും ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നോയിഡ ഭരണകൂടം യോഗം ചേർന്നിരുന്നു. പിന്നാലെയാണ് അടുത്ത വർഷം മുതൽ പുതിയ നടപടി പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിറക്കിയത്. വളർത്ത് പൂച്ച ആക്രമിച്ചാലും ഉടമസ്ഥനിൽ നിന്ന് പിഴ ഈടാക്കും. അനിമൽ വെൽഫെയർ ബോർഡിന്റെ നിയമങ്ങൾ അനുസരിച്ച് വിശദമായ മാർഗനിർദ്ദേശങ്ങളും നോയിഡ ഭരണകൂടം യോഗത്തിൽ പുറപ്പെടുവിച്ചു.
നോയിഡ അതോറിറ്റിയുടെ പെറ്റ് രജിസ്ട്രേഷൻ ആപ്പ് വഴി 2023 മാർച്ചോടെ വളർത്തുനായ്ക്കളെയും പൂച്ചകളെയും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയ ഉത്തരവ് നോയിഡ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പുറപ്പെടുവിച്ചു. രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ ചുമത്തും. വളർത്തുമൃഗങ്ങളുടെ വന്ധ്യംകരണവും പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പും നിർബന്ധമാക്കി. ഇത് ലംഘിക്കുന്നവരിൽ നിന്ന് അടുത്ത വർഷം മാർച്ച് മുതൽ ഓരോ മാസവും 2000 രൂപവയ്ച്ച് പിഴ ഈടാക്കും. കൂടാതെ വളർത്തുമൃഗങ്ങൾ പൊതുസ്ഥലം മലിനമാക്കിയാൽ ഉടമതന്നെ വൃത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.