ci-sunu

കൊച്ചി: സി ഐ പ്രതിയായ കൂട്ടബലാത്സംഗക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കോഴിക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ പി ആർ സുനുവിനെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. തൃക്കാക്കരയും കടവന്ത്രയും അടക്കം വിവിധ സ്ഥലങ്ങളിൽവച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു.

തൊഴിൽ തട്ടിപ്പ് കേസിൽ യുവതിയുടെ ഭർത്താവ് ജയിലിലാണ്. ഭർത്താവിന്റെ സുഹൃത്ത് അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. കേസിലെ മൂന്നാം പ്രതിയാണ് സുനു. കഴിഞ്ഞ മേയ് മാസം തൊട്ട് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്‌തെന്നാണ് ഇന്നലെ യുവതി നൽകിയ പരാതിയിൽ പറയുന്നത്.

സി ഐ അടക്കമുള്ളവരാണ് ബലാത്സംഗം ചെയ്തത്. പരാതിപ്പെട്ടാൽ ജീവന് വരെ ഭീഷണിയുണ്ടായേക്കാമെന്നുള്ളതുകൊണ്ടും ജയിലിൽ കഴിയുന്ന ഭർത്താവിനെതിരെ കൂടുതൽ നടപടിയുണ്ടായേക്കാമെന്നും ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി വ്യക്തമാക്കി. തൃക്കാക്കരയിലാണ് പരാതിക്കാരി താമസിക്കുന്നത്. ഇവരുടെ വീട്ടിൽവച്ചും പലയിടത്ത് കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

സി ഐയെ കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനിലെത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെപ്പോലും വിവരമറിയിച്ചത്. പ്രതിയെ തൃക്കാക്കരയിലെത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും.

ബലാത്സംഗം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് സുനു. തൃശൂരിൽ എസ് ഐ ആയിരുന്നപ്പോൾ പീഡനക്കേസിൽ ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു. എൻജിനിയറിംഗ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്.