
കഴിഞ്ഞവാരം ഇടിവ് $109 കോടി
കൊച്ചി: ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഇടിവിന്റെ പാതയിലേക്ക് കടന്നു. നവംബർ നാലിന് അവസാനിച്ച ആഴ്‌ചയിൽ ശേഖരം 109 കോടി ഡോളർ താഴ്‌ന്ന് 52,999.4 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 656.1 കോടി ഡോളറിന്റെ വർദ്ധനയായിരുന്നു കുറിച്ചത്. കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനയായിരുന്നു അത്.
2021 ഒക്‌ടോബറിൽ രേഖപ്പെടുത്തിയ 64,500 കോടി ഡോളറാണ് ഇന്ത്യൻ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. വിദേശ നാണയ ആസ്തി (എഫ്.സി.എ) 12 കോടി ഡോളർ ഇടിഞ്ഞ് 47,072.7 കോടി ഡോളർ ആയിട്ടുണ്ട്. കരുതൽ സ്വർണശേഖരം 70.5 കോടി ഡോളർ താഴ്‌ന്ന് 3,705.7 കോടി ഡോളറായി. ഐ.എം.എഫിലെ ഇന്ത്യയുടെ കരുതൽധനം (എസ്.ഡി.ആർ) 23.5 കോടി ഡോളർ കുറഞ്ഞ് 1,739 കോടി ഡോളറിലെത്തി.