
ഹൈദരാബാദ്: നിയമ വിദ്യാർത്ഥിയായ യുവാവിന് നേരെ മുതിർന്ന വിദ്യാർത്ഥികളുടെ കടുത്ത പീഡനം. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഹൈദരാബാദിലെ ഐബിഎസ് ലോ കോളേജിലെ വിദ്യാർത്ഥിയായ ഹിമാങ്ക് ബൻസലിനെയാണ് മുതിർന്ന വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിനിരയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തത്. ഇവർ ബൻസലിനെ നിർബന്ധിച്ച് 'അല്ലാഹു അക്‌ബർ' എന്നും വിളിപ്പിച്ചതായും വീഡിയോയിലുണ്ട്.
ഹിമാങ്കിന് നേരെയുണ്ടായ ക്രൂരപീഡനം ഭീകര പ്രവർത്തനമാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. പൊലീസ് നൽകുന്ന വിവരമനുസരിച്ച് നവംബർ 11ന് തെലങ്കാനയിലെ രംഗ റെഡ്‌ഡി ജില്ലയിലെ ഐബിഎസ് കോളേജിന്റെ ബോയ്‌സ് ഹോസ്‌റ്റലിലാണ് സംഭവമുണ്ടായത്. തന്നെ ക്രൂരമായി മർദ്ദിക്കുക മാത്രമല്ല ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തു എന്നാണ് ഹിമാങ്ക് പൊലീസിനോട് പരാതിപ്പെട്ടത്. 15 മുതൽ 20 വിദ്യാർത്ഥികളടങ്ങിയതായിരുന്നു അക്രമി സംഘം. വിദ്യാർത്ഥിയെ നഗ്നനാക്കിയ ശേഷം വസ്‌ത്രങ്ങളെല്ലാം വലിച്ച് കീറിക്കളയുകയും ഇടിക്കുകയും തൊഴിക്കുകയും ചെയ്‌തു. മരിക്കും വരെ തല്ലാനാണ് മർദ്ദനത്തിനിടെ മുതിർന്ന വിദ്യാർത്ഥികൾ വിളിച്ചുപറഞ്ഞതെന്ന് ഹിമാങ്ക് പറയുന്നു.