
അബുദാബി; ഹാരി പോട്ടർ പ്രമേയമാക്കി പ്രത്യേക തീം പാർക്ക് അബുദാബിയിൽ വരുന്നു. വാർണർ ബ്രാേസ് ഡിസ്‌കവറിയുമായി സഹകരിച്ചാണ് ഹാരി പോട്ടർ തീം ലാൻഡ് പ്രഖ്യാപിച്ചത്. 'ദ വിസാർഡിംഗ് വേൾഡ് ഒഫ് ഹാരി പോട്ടർ' എന്നാണ് പാർക്കിന് പേര് ഇട്ടിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ഈ പ്രമേയത്തിൽ ഒരു പാർക്ക് വരുന്നത്. അവിസ്മരണീയ മുഹൂർത്തങ്ങൾ പുനരാവിഷ്കരിക്കുന്ന ഈ പാർക്ക് എല്ലാ പ്രായത്തിലുള്ള ആരാധകർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലായിരിക്കും നിർമ്മിക്കുകയെന്ന് വാർണർ ബ്രാേസ് അറിയിച്ചു.വാർണർ ബ്രാേസിന്റെ വേൾഡിലെ ആറാമത്തെ തീം പാർക്കാകും അബുദാബിയിലെ ഈ പാർക്ക്. പാർക്കിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിട്ടില്ല.
ലോകമെമ്പാടും 60 കോടിയിലേറെ കോപ്പികൾ വിറ്റ ജെ കെ റൗളിംഗിന്റെ 'ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ്' എന്ന പുസ്തകം വളരെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . പിന്നീട് ഇതിന്റെ ഏഴ് വാല്യങ്ങളും പുറത്തുവന്നു. ഈ പുസ്തകങ്ങളുടെ പ്രമേയത്തിൽ എട്ട് സിനിമകളുമുണ്ട്. ലോകജനങ്ങളുടെ ഹൃദയം കീഴടക്കിയ ഹാരി പോട്ടർ കാൽ നൂറ്റാണ്ടായി പഴമ നഷ്ടപ്പെടാതെ തുടർന്നുപോകുന്നു.