spanish-village-

വെറും 260,000 യൂറോയ്ക്ക് ഒരു ഗ്രാമം മൊത്തമായി വിൽപ്പനയ്ക്കുണ്ട്. ഇവിടെയല്ല യൂറോപ്യൻ രാജ്യമായ സ്‌പെയിനിലാണെന്ന് മാത്രം. സമോറ പ്രവിശ്യയിലാണ് 44 വീടുകളുള്ള ഗ്രാമം വിൽപ്പനയ്ക്കുള്ളത്. ഇന്ത്യൻ റുപ്പിയിൽ ഏകദേശം രണ്ടേകാൽ കോടി വരുമെങ്കിലും ഈ തുകയ്ക്ക് ലണ്ടനിൽ നല്ലൊരു ഫ്ളാറ്റ് പോലും ലഭിക്കില്ലെന്നതാണ് വസ്തുത. ലണ്ടനിലെ ഒരു ഫ്ളാറ്റിന്റെ ശരാശരി വില 550,000 പൗണ്ടാണ് എന്നതും ഓർക്കണം.

സ്‌പെയിനിൽ ഗ്രാമം ചുളുവിലയ്ക്ക് വിൽക്കാൻ വച്ചിട്ടുള്ളതിന്റെ പ്രധാന കാരണം ഇത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇപ്പോഴുള്ളതെന്നതാണ്. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ ഗ്രാമമായ സാൾട്ടോ ഡി കാസ്‌ട്രോയാണ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ളത്. മനോഹരമായ ചുറ്റുപാടുകളുള്ള ഗ്രാമത്തിലുള്ള വീടുകളുടെയും സ്ഥാപനങ്ങളുടേയും ഏകദേശ കണക്ക് ഇപ്രകാരമാണ്. 44 വീടുകൾ, ബാർ, സത്രം, പള്ളി, സ്‌കൂൾ, നീന്തൽക്കുളം എന്നിവയെല്ലാം ഇവിടെയുണ്ട്. ഒരു കുന്നിൻ മുകളിലായാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.

1950ലാണ് ഇവിടെ ഗ്രാമം നിർമ്മിക്കപ്പെട്ടത്. തൊഴിലാളികളുടെ കുടുംബങ്ങളെ പാർപ്പിക്കുന്നതിനായി ഒരു വൈദ്യുതി ഉദ്പാദക കമ്പനിയാണ് ഗ്രാമം നിർമ്മിച്ചത്. എന്നാൽ 1980കളുടെ മദ്ധ്യത്തോടെ ജനം ഇവിടം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറി. തുടർന്ന് 2000ത്തിൽ ഇവിടം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാം എന്ന ഉദ്ദേശത്തോടെ ഒരു വ്യവസായി വാങ്ങിയെങ്കിലും വിജയിച്ചില്ല.