
താനെ : ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നോട്ട് നിരോധനത്തിന്റെ ആറാം വാർഷികം. ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നിരോധിച്ച ശേഷം പുതുതായി രണ്ടായിരം, അഞ്ഞൂര് എന്നീ നോട്ടുകളാണ് പുറത്തിറക്കിയത്. കള്ളപ്പണം തടയാൻ രണ്ടായിരത്തിന്റെ നോട്ടിൽ ചിപ്പുകളുണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് തെളിഞ്ഞു. എന്നാൽ ചില കാരണങ്ങളാൽ ക്രമേണ രണ്ടായിരത്തിന്റെ പുതിയ നോട്ടടി റിസർവ് ബാങ്ക് കുറയ്ക്കുകയായിരുന്നു. അതേസമയം കള്ളനോട്ടടിക്കാർ രണ്ടായിരത്തിന്റെ അച്ചടി ഇപ്പോഴും തുടരുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ മഹാരാഷ്ട്രയിൽ നിന്നും രണ്ടായിരത്തിന്റെ എട്ട് കോടി മുഖവില വരുന്ന വ്യാജ നോട്ടുകൾ പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുംബയ്ക്ക് സമീപത്തായുള്ള താനെയിലെ പാൽഘറിലെ ഒരു വ്യവസായ യൂണിറ്റിലാണ് പ്രതികൾ വൻ തോതിൽ രണ്ടായിരത്തിന്റെ വ്യാജൻ അടിച്ചത്. രണ്ട് പേർ വ്യാജ നോട്ടുമായി എത്തുമെന്ന രഹസ്യ വിവരം ലഭിച്ചതോടെ ക്രൈംബ്രാഞ്ച് യൂണിറ്റ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സംശയാസ്പദമായി ഗൈമുഖ് ചൗപ്പട്ടിയിൽ രാവിലെ 10.40 ഓടെ എത്തിയ കാറിൽ പരിശോധന നടത്തിയപ്പോഴാണ് എട്ട് കോടി രൂപ മുഖവിലയുള്ള 400 കെട്ട് 2000ത്തിന്റെ നോട്ടുകൾ കണ്ടെടുത്തത്. രാം ഹരി ശർമ്മ (52), രാജേന്ദ്ര ഘരത് (58) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. മറ്റൊരു പ്രതിയായ മദൻ ചൗഹാന്റെ സഹായത്തോടെയാണ് കറൻസിയടിച്ചതെന്നും ഇത് കൈമാറാനായിട്ടാണ് താനെയിലെത്തിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
പാൽഘറിലെ ടെക് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ രാം ഹരി ശർമ്മയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് നോട്ടടിച്ചത്. കള്ളനോട്ടുകൾ വിപണിയിൽ എത്തിക്കാനുള്ള പ്രതികളുടെ ആദ്യ ശ്രമമായിരുന്നു ഇത്. പൊലീസിന്റെ സമർത്ഥമായ നീക്കത്തിൽ ഇത് പൊളിക്കുകയായിരുന്നു.