-shah-rukh-khan

മുംബയ്: വില കൂടിയ വാച്ചുകളുമായെത്തിയ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ചുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് എയർ ഇന്റലിജൻസ് യൂണിറ്റ് മുംബയ്. ഷാരൂഖ് ഖാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞില്ലെന്നും, അദ്ദേഹത്തിന്റെ അംഗരക്ഷകൻ രവി സിംഗിനെയാണ് നിയമങ്ങൾ പാലിക്കാതിരുന്നതിന് തടഞ്ഞതെന്നുമാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ഷാരൂഖ് ഖാനെ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഇന്നലെ രാത്രി മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു വച്ചതായി വാർത്തകൾ വന്നിരുന്നു. ഷാർജയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം സ്വകാര്യ ജെറ്റിൽ മുംബയ് വിമാനത്താവളത്തിലെ ടെർമിനൽ 3ൽ എത്തിയതായിരുന്നു കിംഗ് ഖാൻ.


ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മാനേജർ പൂജ ദദ്ലാനിയെയും വിമാനത്താവളത്തിൽ നിന്നും പോകാൻ കസ്റ്റംസ് അനുവദിച്ചിരുന്നു. എന്നാൽ ബാഗേജ് ചെക്കിംഗ് പോയിന്റിൽ, ഷാരൂഖിന്റെ ബോഡിഗാർഡിന്റെ പക്കൽ രണ്ട് ആഡംബര വാച്ചുകളും നാല് വാച്ച് ബോക്സുകളും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തുടർന്ന് എല്ലാ ബോക്സുകൾക്കും നികുതി ചുമത്തി. കസ്റ്റംസ് ഡ്യൂട്ടിയായി 6. 83 ലക്ഷം അടച്ചശേഷമാണ് വിട്ടയച്ചത്. 18 ലക്ഷത്തിന്റെ ആറ് വാച്ചുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഷാർജയിലെ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുത്ത ഷാറൂഖ് ഖാനെ അന്താരാഷ്ട്ര സിനിമയ്ക്കും സംസ്‌കാരത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ഗ്ലോബൽ ഐക്കൺ ഒഫ് സിനിമാ ആൻഡ് കൾച്ചറൽ നറേറ്റീവ് അവാർഡ് നൽകി ആദരിച്ചിരുന്നു.