
തിരുവനന്തപുരം: വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട നടനാണ് സത്യനെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനശ്വര നടൻ സത്യന്റെ 110-ാം ജന്മവാർഷികാഘോഷം സത്യൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സത്യൻ സാഹിത്യ പുരസ്കാരം നാടക കഥാകൃത്ത് കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് മന്ത്രി നൽകി. സിനിമാ താരം ഇന്ദ്രൻസ്, കൾച്ചറൽ ഫോറം മുൻ ഭാരവാഹികളായ ഡോ.ഡി.ദേവപ്രസാദ്, ജെ.അസറിയ എന്നിവരെ ആദരിച്ചു. സത്യൻ കലാമത്സരങ്ങളിൽ മികച്ച വിജയം നേടിയ സ്കൂളുകൾക്കുള്ള സത്യൻ കലാപുരസ്കാര വിതരണം ഇന്ദ്രൻസ് നിർവഹിച്ചു. ക്യാപ്റ്റൻ ജെറി പ്രേംരാജ് എൻഡോവ്മന്റ് വിതരണം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. കലാമത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കും കലാപ്രതിഭകൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൾച്ചറൽ ഫോറം പ്രസിഡന്റ് ഷാജി വിൽസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി. വിജയൻ, പി. മനോഹരൻ, ജെ. സ്റ്റാലിൻ, കെ. ജയചന്ദ്രൻ, ജോൺ മനോഹർ, എസ്.കെ. വിജയകുമാർ, ജസ്റ്റിൻ ലൂയിസ് എന്നിവർ സംസാരിച്ചു.