
വെള്ളയുടുപ്പിട്ട് റോസ പൂക്കൾ നെഞ്ചോട് ചേർത്ത് കൂട്ടുകാരോടൊപ്പം റാലിയിൽ നടന്ന് നീങ്ങുന്നതാണ് ശിശുദിനത്തിന്റെ ഓർമകളിൽ പ്രിയപ്പെട്ടത്. റോസപ്പൂക്കളുടെ മണമുള്ള റാലികളായിരുന്നു അവയെല്ലാമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഓർത്തെടുക്കുന്നു. രണ്ടാം ക്ലാസിൽ ശിശുദിനത്തിൽ പെൻഗ്വിൻ ആയി വേഷമിട്ടതും അത് അഴിച്ച് വയ്ക്കാൻ മടി കാണിച്ചതും ഇന്നും പറഞ്ഞ് ചിരിക്കാറുണ്ട്.
ചാച്ചാജിയുമായി ബന്ധപ്പെട്ട പ്രസംഗമായിരുന്നു ശിശുദിനത്തെ വ്യത്യസ്തമാക്കുന്ന മറ്റൊന്ന്. അന്ന് പഠിച്ച പല കാര്യങ്ങളും വർഷങ്ങൾക്കിപ്പുറം സിവിൽ സർവീസ് പഠനത്തിന് വരെ സഹായകരമായിട്ടുണ്ടെന്നും ദിവ്യ എസ് അയ്യർ കൂട്ടിച്ചേർത്തു.
ചെറുപ്പത്തിൽ അച്ഛനായിരുന്നു പ്രസംഗം പഠിപ്പിച്ചിരുന്നതെന്ന് ദിവ്യ പറഞ്ഞു. എല്ലായ്പ്പോഴും പുസ്തകങ്ങൾ വാങ്ങി തരാറുണ്ടായിരുന്നു അച്ഛൻ. യാത്ര ചെയ്യുമ്പോഴും റെയിൽവേ സ്റ്റേഷനിലൊക്കെ ഇരിക്കുമ്പോൾ പോലും അച്ഛൻ ശേഷ അയ്യർ പുസ്തകങ്ങൾ വാങ്ങി തന്നിരുന്നു. സഹോദരി നിത്യയും പുസ്തകങ്ങൾ ധാരാളമായി വായിക്കുമായിരുന്നു. അതുകൊണ്ട് തന്നെ വളരും തോറും പ്രസംഗം സ്വയം എഴുതി വേദിയിൽ പറഞ്ഞിരുന്നു. പാട്ടും നൃത്തവുമെല്ലാം അമ്മ ഭഗവതി അമ്മാളും പ്രോത്സാഹിപ്പിച്ചിരുന്നു.
ചൽനേ കെ ബട്ടോഹി എന്ന പാട്ട് പാടികൊണ്ട് തന്നെ ശിശുദിനത്തിൽ ജവഹർ ബാല ഭവന്റെ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങളെക്കുറിച്ച് പറയുമ്പോൾ വേദിയിലെ പഴയ കൗമാരക്കാരിയായി മാറുന്നു കളക്ടർ ഡോ. ദിവ്യ . അങ്ങനെയുള്ള നിരവധി ക്യാമ്പുകളിൽ സജീവമായി പങ്കെടുത്തിരുന്നു കുട്ടിക്കാലത്ത്.ശിശു ദിനം നിരവധി അവസരങ്ങൾ തുറന്നിട്ടിരുന്ന ദിവസം കൂടിയായിരുന്നു. അതേ നിമിഷങ്ങൾ മൽഹാറിനും നഷ്ടപ്പെടരുതെന്നാണ് അമ്മയെന്ന നിലയിൽ ആഗ്രഹിക്കുന്നതെന്ന് ദിവ്യ പറയുന്നു. തന്റെ തിരക്കുകൾ മൽഹാറിനെ ഒരു പരിധിയിൽ കൂടുതൽ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. അവന് ലഭിക്കുന്ന അവസരങ്ങൾ പിന്നീടൊരിക്കലും ലഭിക്കില്ല. അവന് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും നിഷേധിക്കരുതെന്നുണ്ട്. പേരന്റിംഗ് ഒരു കല കൂടിയാണ്. രക്ഷിതാക്കളുടെ ഇഷ്ടങ്ങളോ അഭിരുചികളോ അല്ല. കുട്ടികൾക്ക് എന്താണ് വേണ്ടത് എന്നതാണ് വിഷയം.
അപകടകരമല്ലാത്ത സ്വാതന്ത്ര്യം കുട്ടികൾക്ക് അനുവദിക്കണം. അത് അവരെ തീരുമാനങ്ങളെടുക്കാൻ കരുത്തരാക്കുകയേയുള്ളു. കെട്ടിവരിഞ്ഞ അരുതുകളുടെ ബാല്യകാലം അവകാശങ്ങളെ നിഷേധിക്കലാണ്. തന്റെ ഓർമയിൽ തന്റെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്ന അച്ഛനും അമ്മയുമായിരുന്നു. അച്ഛൻ ശേഷ അയ്യർ ഐ.എസ്.ആർ.ഒയിലും അമ്മ ഭഗവതി അമ്മാൾ ബാങ്ക് ഉദ്യോഗസ്ഥയും ആയിരുന്നു.
ഓരോ കാര്യത്തിലും തീരുമാനങ്ങൾ എടുത്ത് മുമ്പോട്ട് പോകാനും കലയിലും സാഹിത്യത്തിലുമെല്ലാം തന്റെ കഴിവുകളെ കണ്ടെത്താനും അവരുടെ ഇടപെടൽ ഇല്ലാത്ത സ്വാതന്ത്ര്യം വളരെ വലുതായിരുന്നു. ഇന്ന് പലപ്പോഴും അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറയുമ്പോൾ കുട്ടികൾക്ക് പേടിയാണ്. അതിലുപരി അവരുടെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുമ്പോൾ അവർ തന്നെ എന്താണ് തെറ്റ് ,ശരി എന്നൊക്കെ തിരിച്ചറിയും. ഇപ്പോൾ അതിവേഗം മാറുന്ന കാലഘട്ടത്തിലാണ് കുട്ടികൾ ജീവിക്കുന്നത്. മഴ നനയാനും മണ്ണിൽ കളിക്കാനുമൊക്കെ മൽഹാറിന് ഇഷ്ടമാണ്. ഞാൻ അത് അനുവദിച്ച് ഒപ്പം നിൽക്കുമ്പോൾ എല്ലാവരും എന്നെ വഴക്കു പറയാറുണ്ട്. പക്ഷെ അതിൽ നിന്നൊക്കെ ലഭിക്കുന്ന തൃപ്തി മറ്റ് ഒരു രീതിയിലും വിലയ്ക്കുവാങ്ങാൻ കഴിയില്ലെന്നതാണ് എന്റെ വിശ്വാസമെന്ന് ദിവ്യയിലെ അമ്മ മനസ് പറയുന്നു.
ഒരു സ്വകാര്യ വേദിയിൽ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ നിരവധി പേരാണ് തനിക്ക് പിന്തുണ നൽകിയത്. പ്ലേ സ്കൂളിൽ പഠിക്കുന്ന മൂന്നരവയസുകാരനാണ് മൽഹാർ. ആ വേദിയിൽ വച്ച് അവനെ വഴക്ക് പറഞ്ഞ് മാറ്റി നിർത്തിയാൽ എന്തോ വലിയ തെറ്റ് ചെയ്യുന്നുവെന്ന് അവന് തോന്നും. മൽഹാറിനെ പറ്റി മാത്രമല്ല. നിരവധി അമ്മമാർ ഇതേ മാനസിക സമ്മർദ്ദത്തിലൂടെ കടന്ന് പോകുന്നുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ളവർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ അവനെ ചേർത്തു പിടിച്ചതിൽ എനിക്ക് അഭിമാനമാണ് തോന്നിയതെന്ന് കളക്ടർ ദിവ്യ പറയുന്നു.
രാത്രി എട്ട് മണിവരെ അപ്പൂപ്പനും അമ്മൂമ്മയോടുമൊപ്പം കളിക്കുന്ന മൽഹാർ ആ സമയം കഴിഞ്ഞാൽ മൗനമാകും. മൽഹാറിന്റെ അച്ഛൻ കെ.എസ്.ശബരിനാഥിനൊപ്പം (മുൻ എം.എൽ.എ ) ആയിരിക്കുമ്പോൾ പോലും അവനങ്ങനെയാണ്. അവനറിയാം ഞാൻ വരുന്ന സമയം കഴിഞ്ഞുവെന്ന്. വളരെയധികം ക്രിയാത്മകമായി ചിന്തിക്കുന്ന തലമുറയാണ് ഇപ്പോഴത്തേത്. അത് പ്രോത്സാഹിപ്പിച്ച് മുമ്പിലേക്ക് നടക്കാൻ അവരെ പിന്തുണച്ചാൽ മതി. അവരെ സംബന്ധിച്ചിടത്തോളം നമ്മൾ ജീവിച്ച കാലഘട്ടം പിന്നോട്ടാണ് അതിലേക്ക് അവരെ എത്തിക്കാൻ ശ്രമിക്കരുതെന്നാണ് ശിശുദിനത്തിൽ ഓർമിപ്പിക്കാനുള്ളത്. അവർ വളരട്ടെ അവരുടെ സ്വപ്നങ്ങളിൽ.