shamna-kasim

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ളാക്ക് മെയിൽ ചെയ്ത് തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികൾ ഡിസംബ‌ർ 12ന് ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവ്. ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ്, ഷംനയ്ക്ക് വിവാഹാലോചനയുമായി എത്തിയ റഫീഖ് എന്നിവരടക്കം പത്ത് പ്രതികളും ഹാജരാകാനാണ് കോടതിയുടെ നിർദേശം. ജില്ലാ ജഡ്‌ജി ഹണി എം വർഗീസാണ് ഉത്തരവിട്ടത്.

മുഹമ്മദ് ഷരീഫ്, രമേശ്, അഫ്‌റഫ്, അബ്‌ദുൾ സലാം, റഹീം, കെ കെ അബൂബക്കർ, നജീബ് രാജ, ജാഫ‌ർ സാദിഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സ്വർണക്കടത്തിന് പങ്കാളിയാകണമെന്ന ആവശ്യവുമായാണ് പ്രതികൾ നടിയെ സമീപിച്ചത്. ഇതിന് തയ്യാറാകാതിരുന്നതോടെ ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവർ വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

ഷംനയെയും കുടുംബത്തെയും വിശ്വസിപ്പിക്കുന്നതിനായി ഒരു തിരക്കഥ തന്നെ പ്രതികൾ മെനഞ്ഞെടുത്തിരുന്നു. വരനായി അഭിനയിച്ചയാൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ നൽകാൻ നടി വിസമ്മതിച്ചതോടെയാണ് തട്ടിപ്പുസംഘത്തിന്റെ ആദ്യപദ്ധതി പൊളിഞ്ഞത്. പിന്നാലെ ഷംനയെ ബ്ലാക്ക്‌മെയിൽ ചെയ്ത് മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കാനായിരുന്നു ഇവരുടെ ശ്രമം. ഷംനയുടെ മാതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. പിന്നാലെ ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ മുഴുവൻ പ്രതികളും പൊലീസിന്റെ പിടിയിലായിരുന്നു.