
1992ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ തങ്ങളെ കീഴടക്കിയിരുന്ന പാകിസ്ഥാനോട് അതേ ഗ്രൗണ്ടിൽ വച്ച് 30 കൊല്ലത്തിന് ശേഷം ഇംഗ്ളണ്ടുകാർ പകരം വീട്ടി. ഇമ്രാൻ ഖാനും സംഘവും മൂന്ന് പതിറ്റാണ്ടിമുമ്പ് 22 റൺസിനായിരുന്നു വിജയം നേടിയിരുന്നെങ്കിൽ ഇന്നലെ ജോസ് ബട്ട്‌ലറും കൂട്ടരും പാകിസ്ഥാനെ പൊളിച്ചടുക്കിയത് അഞ്ചുവിക്കറ്റിനായിരുന്നു.
സെമിയിൽ ഇന്ത്യയെ തോൽപ്പിച്ച് ഫൈനലിലെത്തിയ ഇംഗ്ളണ്ട് കലാശക്കളിയിലും അതേ വീര്യം പുറത്തെടുത്തപ്പോൾ കിവീസിനെതിരെ അതിഗംഭീരപ്രകടനം കാഴ്ചവച്ച് സെമികടന്ന പാകിസ്ഥാന് അതിന്റെ ഏഴയലത്തുപോലും എത്താനാകാതെ വീണുപോവുകയായിരുന്നു.
മഴ മാറിനിന്ന സായാഹ്നത്തിൽ ടോസ് നേടിയ ഇംഗ്ളീഷ് ക്യാപ്ടൻ ജോസ് ടെയ്ലർ പാകിസ്ഥാനെ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ 137 റൺസിൽ ഒതുങ്ങിയപ്പോൾ തന്നെ ഇംഗ്ളണ്ടിന്റെ വിജയം ഉറപ്പായിരുന്നു. എന്നാൽപാക് ബൗളർമാർ ഇടയ്ക്ക് വിരട്ടാൻ ശ്രമിച്ചെങ്കിലും മൂന്ന് വർഷം മുമ്പ് ന്യൂസിലാൻഡിനെതിരെ ഏകദിന ലോകകപ്പ് ഫൈനലിൽ കാഴ്ചവച്ചതുപോലൊരു തകർപ്പൻ ഇന്നിംഗ്സ് പുറത്തെടുത്ത് ബെൻ സ്റ്റോക്സ് ഇംഗ്ളണ്ടിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽകൂടി തുന്നിച്ചേർക്കുകയായിരുന്നു. നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് പാക് വിക്കറ്റുകൾ വീഴ്ത്തിയ സാം കറാനാണ് ഫൈനലിലെ മാൻ ഒഫ് ദ മാച്ച്.ആൾറൗണ്ട് മികവിന് പ്ളേയർ ഒഫ് ദ ടൂർണമെന്റ് പുരസ്കാരം സ്വന്തമാക്കിയത് കറാനാണ്.
ഫൈനലിലെ കളി
നായകൻ ബാബർ അസമും (32) മുഹമ്മദ് റിസ്‌വാനും(15) ചേർന്നാണ് പാകിസ്ഥാനുവേണ്ടി ഓപ്പണിംഗിനെത്തിയത്. ഇരുവരും ശ്രദ്ധയോടെ സ്കോർ ബോർഡ് തുറന്നെങ്കിലും അഞ്ചാം ഓവറിൽ സാം കറാൻ അപകടത്തിന്റെ ആദ്യ വിത്ത് വിതച്ചു. റിസ്‌വാനെ ക്ളീൻ ബൗൾഡാക്കുകയായിരുന്നു കറാൻ. തുടർന്നിറങ്ങിയ മുഹമ്മദ് ഹാരിസിനെ (8) എട്ടാം ഓവറിന്റെ ആദ്യ പന്തിൽ റാഷിദ് ഖാൻ സ്റ്റോക്സിന്റെ കയ്യിലെത്തിച്ചു. പിന്നീടിറങ്ങിയ ഷാൻ മസൂദ് (38) കാലുറപ്പിക്കാൻ നോക്കിയെങ്കിലും അതുവരെ പൊരുതിനിന്ന ബാബർ 12-ാം ഓവറിൽ കൂടാരം കയറി. റാഷിദ് സ്വന്തം ബൗളിംഗിലാണ് ബാബറെ പിടികൂടി മടക്കി അയച്ചത്. പകരമറിങ്ങിയ ഇഫ്തിഖർ അഹമ്മദിനെ (0) 13-ാം ഓവറിൽ സ്ോക്സ് മടക്കി അയയ്ക്കുകകൂടി ചെയ്തതോടെ പാകിസ്ഥാൻ 85/4 എന്ന നിലയിലായി.
തുടർന്ന് ഷാൻ മസൂദും ഷദാബ് ഖാനും(20) ചേർന്ന് 100 കടത്തി. 17-ാം ഓവറിൽ മസൂദിനെ പുറത്തായിയ കറാനാണ് അവസാന ഓവറുകളിൽ റൺസടിക്കാനുള്ള പാക് മോഹത്തിന്റെ കടയ്ക്കൽ കത്തിവച്ച് മത്സരത്തിൽ വഴിത്തിരിവുണ്ടാക്കിയത്. അടുത്ത ഓവറിൽ ഷദാബിനെ ജോർദാൻ കൂടാരം കയറ്റി. വമ്പനടികൾക്ക് ശേഷിയുള്ള നവാസിനെയും (5)കറാനാണ് പുറത്താക്കിയത്. ആദിൽ റഷീദും ജോർദാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സ്റ്റോക്സിന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന് അലക്സ് ഹേൽസിനെ(1) ആദ്യ ഓവറിലും ഫിൽ സാൾട്ടിനെ(10)നാലാം ഓവറിലും നഷ്ടമായെങ്കിലും ടീമിന്റെ കുതിപ്പിനെ അതൊന്നും ബാധിച്ചില്ല. നായകൻ ബട്ട്‌ലറും ഫൈനലുകളിലെ സ്ഥിരം സൂപ്പർ സ്റ്റാർ ബെൻ സ്റ്റോക്സും ചേർന്ന് ആറാം ഓവറിൽ 45/3 എന്ന സ്കോറിലെത്തിച്ചു. ബട്ട്‌ലറെ റവൂഫ് പുറത്താക്കിയ ശേഷം ഒരറ്റത്ത് ഉറച്ചുനിന്ന് ക്ഷമയോടെ പൊരുതിയ സ്റ്റോക്സിന് ബ്രൂക്സ് (20),മൊയീൻ അലി (19) എന്നിവർ നൽകിയ പിന്തുണ നിർണായകമായി. 49 പന്തുകൾ നേരിട്ട സ്റ്റോക്സ് അഞ്ചുഫോറും ഒരു സിക്സുമടക്കമാണ് പുറത്താവാതെ 52 റൺസ് നേടിയത്.