jk

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗാധ്‌വി ഖംഭാലിയ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും മണ്ഡലം പ്രഖ്യാപിച്ചിരുന്നില്ല.

കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ,സ്ത്രീകൾ,വ്യവസായികൾ എന്നിവർക്ക് വേണ്ടി വർഷങ്ങളോളം ശബ്ദം ഉയർത്തിയ ഇസുദാൻ ഗാധ്‌വി ജംഖംഭാലിയയിൽ മത്സരിക്കുമെന്നും കൃഷ്ണന്റെ പുണ്യഭൂമിയിൽ നിന്ന് ഗുജറാത്തിന് നല്ല ഒരു മുഖ്യമന്ത്രിയെ ലഭിക്കുമെന്നും കേജ്‌രിവാൾ ട്വീറ്റ് ചെയ്തു.

വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്ന് സ്ഥാനാർത്ഥികളെ കൂടി എ.എ.പി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇസുദാൻ ഗാ‌ധ്‌വിയുടെ മണ്ഡലം പ്രഖ്യാപിച്ചിരുന്നില്ല. 182 അംഗ നിയമസഭയിലേക്കുള്ള 176 സ്ഥാനാർത്ഥികളുടെ പേരുകളാണ് ശനിയാഴ്ച പുറത്തിറക്കിയ 15-ാം പട്ടികയിൽ ആം ആദ്മി പാർട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.