bevco

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വില കുറഞ്ഞ മദ്യം കിട്ടാനില്ലെന്ന് പരാതി. ഏറെ ആവശ്യക്കാരുള്ള സംസ്ഥാനത്തിന്റെ സ്വന്തം ബ്രാൻഡായ ജവാനും ക്ഷാമം നേരിടുന്നുണ്ട്. വെയർ ഹൗസുകളിലെ മദ്യ ശേഖരണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്പിരിറ്റിന് വില വർധിച്ചതിന് പിന്നാലെ മദ്യക്കമ്പനികൾ ഉത്പദനത്തിൽ കുറവ് വരുത്തിയതാണ് പ്രതിസന്ധിയ്ക്ക് കാരണം.

സ്പിരിറ്റ് വില വർധനവും ടേൺ ഓവർ ടാക്സ് സംബന്ധിച്ച് സർക്കാരും മദ്യക്കമ്പനികളും തമ്മിൽ നിലനിൽക്കുന്ന തർക്കവും മൂലം മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്പിരിറ്റിന്റെ വരവിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിലെ പല ഔട്ട്‌ലെറ്റുകള്ലും കൺസ്യൂമർഫെഡിലും സ്റ്റോക്കിൽ കുറവുണ്ടായി. ചെറുകിട മദ്യക്കമ്പനികൾ സ്പിരിറ്റ് ക്ഷാമം മൂലം ഉത്പാദനം വലിയ തോതിൽ വെട്ടിക്കുറച്ചതോടെ വില കുറഞ്ഞ മദ്യ ബ്രാൻഡുകളും കിട്ടാതെയായി. 180-230 രൂപ നിരക്കിൽ വരുന്ന ക്വാർട്ടർ മദ്യം ഔട്ട‌്‌ലെറ്റുകളിൽ നിന്ന് അപ്രത്യക്ഷമായിട്ട് നാല് മാസത്തോളമായി .

അതേ സമയം വിഷയം ശ്രദ്ധയിൽപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഡിസ്റ്റിലറികളിലെ നിർമാണം കുറഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്നും ഉടനെ തന്നെ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ തന്നെ വില കൂടിയ പ്രീമിയം ബ്രാൻഡുകളുടെ വിൽപ്പനയിൽ വർധനവുണ്ടായതാണ് വിവരം. ഇത് വഴി നികുതിയിനത്തിലും വർധനവുണ്ടായി എന്നാണ് അധികൃതരുടെ വിശീകരണം.