 
കോഴിക്കോട്:സന്തോഷത്തോടെ കുടുംബത്തോടൊപ്പം മൂന്നാറിലേക്ക് വിനോദയാത്ര പോയ കോഴിക്കോട് സ്വദേശി രൂപേഷിന്റെ (43) മരണം നാടിനെ സങ്കടക്കടലാക്കി. നാടിന്റെ എന്താവശ്യത്തിനും മുന്നിൽ നിന്ന രൂപേഷിനെ അവസാനമായി കാണാൻ നിരവധി പേരാണ് രാത്രി വൈകിയും വീട്ടിലെത്തിയത്.
വടകരയിലുള്ള ഭാര്യ വീട്ടിൽ നിന്നാണ് സംഘം പുറപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. ഇന്നലെ രാവിലെ കണ്ടെത്തിയ മൃതദേഹം രാത്രി ഒമ്പതരയോടെ വീട്ടിൽ എത്തിച്ചു. മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം.
സ്റ്റേഡിയത്തിന് സമീപം കോച്ചിംഗ് സെന്ററായ മാസ്റ്റേഴ്‌സ് അക്കാഡമി നടത്തുകയായിരുന്നു രൂപേഷ്. ഭാര്യ കിരണും അതേ സ്ഥാപനത്തിലാണ്. ഏറെക്കാലം ഗൾഫിൽ കെമിക്കൽ എൻജിനീയറായിരുന്നു. റിട്ട. പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ പരേതനായ രാമചന്ദ്രൻ കല്ലടയുടെ മകനാണ്. മാതാവ് റീനി (റിട്ട. മെഡിക്കൽ കോളേജ് ലാബ്). മകൾ: സ്തുതി. സഹോദരൻ: രാജേഷ് കല്ലട (ചോളമണ്ഡലം).
രൂപേഷിന്റെ കുടുംബാംഗങ്ങളടക്കം 11 പേരായിരുന്നു ട്രാവലറിൽ ഉണ്ടായിരുന്നത്. അമ്മയും ഭാര്യയും കുഞ്ഞും കൂടെയുണ്ടായിരുന്നു. പാറക്കല്ലും ചെളിയും ഇടിഞ്ഞുവീണതിനെ തുടർന്ന് വാഹനം ചെളിയിൽ താഴുകയായിരുന്നു. രൂപേഷിന്റെയും ഡ്രൈവർ നികേഷിന്റെയും നേതൃത്വത്തിൽ ഒപ്പമുണ്ടായിരുന്നവരെ ഇറക്കിയശേഷം വാഹനം ചളിയിൽ നിന്ന് തള്ളിനീക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിലാണ് വാഹനവും രൂപേഷും താഴേക്ക് പതിച്ചത്.