
തിരുവനന്തപുരം: നഗരസഭാ കത്ത് വിവാദത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഇന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലും കത്ത് വിവാദം ചർച്ചയ്‌ക്കെടുത്തില്ല എന്നാണ് വിവരം. വിഷയത്തിൽ ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മുന്നിൽ സമർപ്പിക്കാനിരിക്കേ അന്വേഷണത്തിന്റെ ദിശ മനസ്സിലാക്കിയ ശേഷം അന്തിമ തീരുമാനം കൈകക്കൊണ്ടാൽ മതിയെന്നാണ് പാർട്ടി നിലപാട്. അത് കൊണ്ട് തന്നെ അന്വേഷണ കമ്മീഷൻ രൂപീകരണം വൈകാനാണ് സാദ്ധ്യത. മേയർ സിപിഎം ജില്ലാ ഭാരവാഹിയ്ക്ക് അയച്ചതെന്ന പേരിൽ പ്രചരിച്ച കത്ത് വിവാദമായതിന് പിന്നാലെയാണ് പാർട്ടിയുടെ ഭാഗത്ത് നിന്ന് അന്വേഷണമുണ്ടാകും എന്ന അറിയിപ്പുണ്ടായത്.
അതേ സമയം കത്ത് വിവാദത്തിൽ നഗരസഭാ ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയിരുന്നു. നഗരസഭാ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്. കത്ത് തയ്യാറാക്കിയിട്ടില്ല എന്ന മൊഴി ഇവർ ആവർത്തിച്ചു. നേരത്തെ ക്രൈം ബ്രാഞ്ചിനും ജീവനക്കാർ ഇതേ മൊഴി തന്നെയാണ് നൽകിയത്. വിവാദമായ കത്തിന് പിന്നിലെ നിജസ്ഥിതി കണ്ടെത്താനായി നടക്കുന്ന ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിനൊപ്പമാണ് വിജിലൻസ് അന്വേഷണവും നടക്കുന്നത്. നാൽപ്പത്തിനാല് ദിവസമാണ് വിജിലൻസ് അന്വേഷണത്തിനായി നൽകിയിട്ടുള്ളത്. ഈ കാലയളവിൽ പരമാവധി മൊഴി രേഖപ്പെടുത്താനാണ് വിജിലൻസ് സംഘത്തിന്റെ നീക്കം.
ഒരാഴ്ചയിലധികം പിന്നിട്ട ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും വിവാദമായ കത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫോൺ മുഖേനയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കത്ത് വ്യാജമാണെന്ന മൊഴി ആവർത്തിക്കപ്പെടുമ്പോഴും യഥാർഥ കത്ത് ഇത് വരെ ക്രൈം ബ്രാഞ്ചിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കത്ത് കണ്ടെത്തി വിശദ പരിശോധന നടത്താതെ വ്യാജമാണെന്ന സ്ഥിരീകരണം നടത്താനാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. വിശദമായ അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്യണമെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നാളെ ഡിജിപി മുന്നാകെ സമർപ്പിക്കും.