
കൊച്ചി : കരുത്തരായ എഫ്.സി ഗോവയെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് പറപ്പിച്ച് കേരളത്തിന്റെ മഞ്ഞപ്പട. ആദ്യ പകുതിയിൽ അഡ്രിയാൻ ലൂണയും ഡയമന്റിക്കോസും രണ്ടാം പകുതിയിൽ ഇവാൻ കൽയൂഷ്നിയുമാണ് ബ്ളാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്. എഫ്.സി ഗോവയ്ക്കെതിരെ ആറുവർഷത്തിന് ശേഷമാണ് ബ്ളാസ്റ്റേഴ്സ് വിജയം നേടുന്നത്.
ആദ്യ വിസിൽ മുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് . ഫസ്റ്റ് ഇലവനിലേക്ക് മടങ്ങിയെത്തിയ സഹൽ തുടക്കത്തിലേ ഗോവൻ ബോക്സിലേക്കെത്തി ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ പതിയെ ഗോവയും ആക്രമണ വഴിയിലേക്കെത്തി. എഡു ബേഡിയയുടെയും തങ്ങളുടെ മുൻ താരം വസ്ക്വേസിന്റെയും സംഘത്തിന്റെയും മുന്നേറ്റങ്ങളിൽ നിന്ന് ആദ്യ പകുതിയിൽ കഷ്ടിച്ചാണ് ബ്ളാസ്റ്റേഴ്സ് രക്ഷപെട്ടത്.
ആദ്യ പകുതി അവസാനിക്കാറായപ്പോഴാണ് ആതിഥേയർക്ക് ഗോളാഘോഷിക്കാൻ വഴിയൊരുങ്ങിയത്.42-ാം മിനിട്ടിൽ ഗോവൻ ബോക്സുനിള്ളിലേക്ക് കടന്നുകയറിയ സഹൽ നൽകിയ പാസാണ് ലൂണ ഗോളി മാത്രം മുന്നിൽനിൽക്കവേ വലയിലേക്ക് തട്ടിയിട്ടത്.ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റിയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ബോക്സിനുള്ളിൽ അൻവർ അലി നടത്തിയ ഫൗളിന് ലഭിച്ച പെനാൽറ്റി ഡയമന്റിക്കോസ് പിഴവുകളൊന്നും കൂടാതെ വലയിലാക്കുകയായിരുന്നു. 2-0 എന്ന നിലയിൽ ബ്ളാസ്റ്റേഴ്സ് ലീഡ് ചെയ്യവേ ആദ്യ പകുതിക്ക് പിരിഞ്ഞു.
ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ അടുത്ത ഗോളും നേടി ബ്ളാസ്റ്റേഴ്സ് ആധിപത്യം ഉറപ്പിച്ചു.ഡയമന്റിക്കോസിന്റെ പാസിൽനിന്ന് കല്യൂഷ്നിയാണ് മഞ്ഞപ്പടയുടെ മൂന്നാം ഗോൾ നേടിയത്. ഇതോടെ എങ്ങനെയെങ്കിലും ഒരുഗോൾ തിരിച്ചടിക്കാൻ ഗോവക്കാർ ശ്രമം തുടങ്ങി.67-ാം മിനിട്ടിൽ സദൗയി ഒന്ന് തിരിച്ചടിക്കുകയും ചെയ്തു.
ഈ സീസണിലെ ആറുമത്സരങ്ങളിൽ ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം ജയമാണിത്. ഇതോടെ ഒൻപതു പോയിന്റുമായി ബ്ളാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഒൻപത് പോയിന്റുതന്നെയുള്ള ഗോവ ഗോൾശരാശരി മികവിൽ നാലാമതാണ്.