
ദോഹ: ലോകകപ്പിനായി ഖത്തറിലെത്തുന്നവർ സന്ദർശിക്കേണ്ട തന്ത്ര പ്രധാന സ്ഥലങ്ങളെ വിശദമാക്കുന്ന ഗൈഡ് പുറത്തിറക്കി. നവംബർ 20ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കിടയിൽ സന്ദർശിക്കാവുന്ന പ്രധാന നഗരങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വിവിധ സംഗീത പരിപാടികൾ, ഷോപ്പിംഗ് സെന്ററുകൾ, തുടങ്ങിയവ അടങ്ങിയ ടൂറിസ്റ്റ് ഗൈഡാണ് ഫിഫ ഔദ്യോഗിക വെബ്സൈറ്റിലൂടെ പങ്കുവെച്ചത്.
ലോകകപ്പിനായ് രാജ്യത്തെത്തുന്നവർക്ക് ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ആതിഥ്യ മര്യാദയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഖത്തർ അവകാശപ്പെടുന്നത്. ഇതിന്റെ ഭാഗമായി അറബിക് കോഫിയും മധുരപലഹാരങ്ങളും അടക്കം സമൃദ്ധമായ ഖത്തറി വിഭവങ്ങൾ, തലസ്ഥാന നഗരിയായ ദോഹയ്ക്ക് സമീപമുള്ള മികച്ച ബീച്ച് റിസോർട്ടുകൾ, വിവിധ ജലവിനോദങ്ങൾ, ചരിത്ര പ്രാധാന്യമുള്ല കോട്ടകൾ, പ്രകൃതി ടൂറുകൾ, ഡെസേര്‍ട്ട് സഫാരി, ഒട്ടക സവാരി, നക്ഷത്രങ്ങള്‍ക്ക് കീഴിലെ മരുഭൂമി ക്യാമ്പിംഗ് , മരുഭൂമിയിലെ സാഹസികതകൾ ഇവയെല്ലാം ആസ്വാദിക്കാനുള്ള മികച്ച അവസരമാണ് ഖത്തർ ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരാവേശത്തിനിടയിൽ തന്നെ വിനോദവും വിസ്മയവും കാണികൾക്കായി ചിട്ടയായി എത്തിക്കാനായുള്ള നിർദേശങ്ങളടങ്ങിയതാണ് പുറത്തിറക്കിയ ടൂറിസ്റ്റ് ഗൈഡ് എന്നാണ് ഫിഫ വിശദമാക്കുന്നത്.