
കല്ലറ: സ്വകാര്യ ആശുപത്രിയിൽ അക്രമംകാട്ടിയശേഷം ഒളിവിൽപ്പോയ സൈനികൻ അറസ്റ്റിൽ. ഭരതന്നൂർ കൊച്ചാനക്കല്ലുവിള വിമൽ ഭവനിൽ വിമലി(30)നെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ് : വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കാലിന് പരിക്കുപറ്റി കല്ലറയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ വിമലിനോട്, മദ്യലഹരിയിലായിരുന്നതിനാൽ പാലോട് ഗവൺമെന്റ് ആശുപത്രിയിലേക്ക് പോകാൻ ഡോക്ടർ നിർദ്ദേശിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും വനിതാ ജീവനക്കാരടക്കമുളളവരെ അസഭ്യം പറയും ഉപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസിനെയും അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഇയാളെ മംഗലപുരം സി.ഐ സജീഷ്, ചിറയിൻകീഴ് സി.ഐ മുകേഷ്, പാങ്ങോട് എസ്.ഐ അജയൻ, ജില്ലാ റൂറൽ ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തിൽ കോന്നി സ്റ്റേഷൻ പരിധിയിലെ താഴം എന്ന സ്ഥലത്ത് സുഹൃത്തിന്റെ വീട്ടിലെ ടെറസിൽ കഴിയവെയാണ് പിടികൂടിയത്. ആർമി ഉദ്യോഗസ്ഥനായ ഇയാൾ അസാമിലെ തേജ്പൂരിലാണ് ജോലി ചെയ്യുന്നത്.
ഫോട്ടോ: പ്രതിയെ പാങ്ങോട് സ്റ്റേഷനിൽ എത്തിച്ചപ്പോൾ