
മലയിൻകീഴ് : വിളപ്പിൽശാല പടവൻകോട് മുസ്ലിം പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ മുട്ടത്തറ കമലേശ്വരം തോട്ടം വീട്ടിൽ എ.മുഹമ്മദ് ജിജാസ്(35),വെള്ളറട വെള്ളാർ തോട്ടിൻകര പുത്തൻ വീട്ടിൽ ആർ.വിഷ്ണു(29),കടയ്ക്കാവൂർ അഞ്ചുതെങ്ങ് കവാലീശ്വരം തിപ്പേപ്ളവം പുത്തൻ വീട്ടൽ ബി.ഉഷ(43)എന്നിവരെ വിളപ്പിൽശാല പൊലീസ് പിടികൂടി.
ഇക്കഴിഞ്ഞ 11 നാണ് സംഭവം. വൈകുന്നേരം 6 മണിയോടെ നിസ്കാരത്തിനെത്തിയ ഷിഹാബുദീനാണ് കാണിക്കവഞ്ചി കുത്തിത്തുറന്നിട്ടിരിക്കുന്നത് ആദ്യം കാണുന്നത്. കാണിക്കവഞ്ചിക്ക് പിന്നിലുള്ള പൂട്ട് ഇരുമ്പുകമ്പി ഉപയോഗിച്ച് പൊളിച്ചാണ് പണം കവർന്നത്. 2500 രൂപ നഷ്ടപ്പെട്ടന്നാണ് പൊലീസ് നിഗമനം. വിളപ്പിൽശാല സ്റ്റേഷൻ ഇൻസ്പെക്ടർ എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്നുപേരും മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്. ഇവർ മോഷണം നടത്തുന്നതിനായി വിളപ്പിൽശാല പുറ്റുമ്മേൽക്കോണത്ത് മിൽക്ക് സൈസൈറ്റിക്ക് സമീപം വീട് വാടകയ്ക്കെടുത്ത് ദമ്പതികളെന്ന വ്യാജേന താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിളപ്പിൽശാല സബ് ഇൻസ്പെക്ടർ ആശിഷ് എസ്.വി,എസ്.സി.പി പ്രവീൺ,ഷിൻറോ,എസ്. സി.പി.ഒ.അജിൽ,പ്രജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.