ldf

തിരുവനന്തപുരം: മദ്യപിച്ച് ബഹളമുണ്ടാക്കിയ കൗൺസിലറുടെ മകനും സുഹൃത്തും സമീപത്തെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്ന ലോ അക്കാഡമി വിദ്യാർത്ഥികളെ മർദ്ദിച്ചു. കുടപ്പനക്കുന്ന് എൽ.ഡി.എഫ് കൗൺസിലറുടെ മകൻ വിഷ്‌ണു, സുഹൃത്ത് രാഹുൽ എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റുചെയ്‌തത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.

മർദ്ദനത്തിന്റെ വീഡിയോ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അമ്പലമുക്ക് മണ്ണടി ലെയ്‌നിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. അസഭ്യം വിളിച്ച് അകത്തുകയറിയ സംഘം വിദ്യാർത്ഥികളായ നിധീഷ്, ആമിൻ, ദീപു എന്നിവരെ മർദ്ദിക്കുകയായിരുന്നു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളുടെ വൈദ്യപരിശോധന വൈകിപ്പിച്ചെന്നുമാണ് പരാതിക്കാരുടെ ആരോപണം. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമെന്നാണ് വിദ്യാർത്ഥികളുടെ പരാതി.