
അങ്കാറ: തുർക്കിയിലെ ഇസ്താംബുളിൽ ജനത്തിരക്കേറിയ തക്സിം സ്ക്വയറിലെ ഇസ്തിക്‌ലൽ സ്ട്രീറ്റിൽ ആറുപേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനം നടത്തിയത് ഒരു സ്ത്രീയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതായി തുർക്കി വൈസ് പ്രസിഡന്റ് ഫുവാട്ട് ഒക്ടേ പറഞ്ഞു, ഭീകരാക്രമണം തന്നെയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.50ഓടെ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 81 പേർക്കാണ് പരിക്കേറ്റത്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
സ്ഫോടനം നടക്കുന്നതിന് ഏതാനും മിനിട്ടുകൾക്ക് മുമ്പ് ഒരു സ്ത്രീ ബെഞ്ചിൽ ഇരിക്കുന്നതും അല്പം കഴിഞ്ഞ് എഴുന്നേറ്റ് പോകുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് ഇവർ ഒരു പ്ളാസ്റ്റിക് ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇതാണ് ആക്രമണത്തിന് പിന്നിൽ സ്ത്രീയാണെന്ന് സംശയിക്കാൻ കാരണം. ചാവേർ ആക്രമണമാകാനുള്ള സാദ്ധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. ഇതെല്ലാം നിലവിൽ അന്വേഷണത്തിലാണ്. അതിനിടെ, സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തതായി റിപ്പോർട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളിലുള്ള സ്ത്രീ ആണോ ഇതെന്ന് വ്യക്തമല്ല.
തുർക്കിയിലെ ഏറ്റവും വലിയ നഗരത്തിന്റെ ഹൃദയഭാഗമാണ് സ്ഫോടനം നടന്ന ഇസ്തിക്‌ലൽ സ്ട്രീറ്റ്. വാരാന്ത്യത്തിൽ ആൾക്കാർ ഏറെ കൂടുന്ന സമയത്താണ് സ്ഫോടനം നടന്നത്. പരമാവധി ആൾനാശം ഉണ്ടാവാൻ വേണ്ടിയാണ് സ്ഫോടനം നടത്താൻ ഇവിടം തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്. നേരത്തേയും നിരവധി തവണ തുർക്കിയിലെ പലഭാഗത്തും ഭീകരാക്രമണം നടന്നിട്ടുണ്ട്. 2017ൽ പുതുവത്സരാഘോഷങ്ങൾക്കിടെ ഇസ്താംബുൾ നിശാക്ലബിൽ 39 പേരെയാണ് അക്രമി വെടിവച്ച് കൊലപ്പെടുത്തിയത്.