
തിരുവനന്തപുരം: തുടർ ഭരണം നേടി റെക്കോഡ് സ്വന്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തി എന്ന റെക്കോഡാണ് പിണറായി സ്വന്തമാക്കിയത്. 2364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ഇന്നാണ് മുഖ്യമന്ത്രി കസേരയിൽ പിണറായി തന്റെ 2364-ാം ദിവസം തികച്ചത്.
1970 ഒക്ടോബർ നാല് മുതൽ 1977 മാർച്ച് 25 വരെയാണ് അച്യുതമേനോൻ കേരളം ഭരിച്ചത്. ഒരു സർക്കാരിന്റെ കാലത്താണ് തുടർച്ചയായി 2364 ദിവസം അച്യുതമേനോൻ മുഖ്യമന്ത്രിയായതെങ്കിൽ രണ്ടുസർക്കാരുകളിലായാണ് പിണറായി ഇത്രയും ദിവസം തികച്ചത്.
2016 മേയ് 25-നാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. 2021 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയോടെ വീണ്ടും പിണറായി തന്നെ അധികാരത്തിലെത്തുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരമേറുന്നതിന് മുൻപ് പതിനേഴുദിവസം കാവൽ മുഖ്യമന്ത്രിയായതുകൂടി ചേർക്കുന്നതോടെയാണ് മുഖ്യമന്ത്രി പദത്തിൽ പിണറായി 2364-ാം ദിനത്തിലെത്തിയത്. ആദ്യത്തെ തവണ 91 സീറ്റുകൾ നേടിയാണ് പിണറായി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ സ്വർണക്കടത്തുൾപ്പെടയുള്ള പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടായിട്ടും 99 സീറ്റുളോടെ തുടർ ഭരണം നേടുകയായിരുന്നു.