sweety

ന്യൂഡൽഹി: ഹൈന്ദവാചാര പ്രകാരം വളർത്തുനായയെ വിവാഹം കഴിപ്പിച്ച് ദമ്പതികൾ. ഡൽഹി- ഹരിയാന അതിർത്തിയിലെ ഗുരുഗ്രാം സ്വദേശികളായ സവിതയും ഭർത്താവുമാണ് തങ്ങളുടെ വളർത്തുനായയായ സ്വീറ്റിയെ അയൽവീട്ടിലെ നായയുമായി വിവാഹം കഴിപ്പിച്ചത്. സ്വീറ്റിയുടെയും മറ്റൊരു നായയായ ഷേരുവിന്റെയും വിവാഹം ഇന്നായിരുന്നു.

പാലം വിഹാറിലെ ജിലേ സിംഗ് കോളനിയിൽ നടന്ന വിവാഹചടങ്ങിൽ നൂറോളം പേരാണ് പങ്കെടുത്തത്. സവിതയും ഭർത്താവും അതിഥികൾക്ക് ക്ഷണക്കത്ത് നൽകിയിരുന്നു. വടക്കേ ഇന്ത്യൻ വിവാഹാചാര ചടങ്ങുകൾ എല്ലാംതന്നെ നായകളുടെ കല്യാണത്തിനായും ഒരുക്കിയിരുന്നു. വിവാഹത്തിന് മുൻപായി ഇരുവർക്കും ഹൽദി ചടങ്ങ് നടത്തിയതായി സവിത പറഞ്ഞു. വിവാഹ വേഷത്തിൽ അണിയിച്ചൊരുക്കിയ നായ്ക്കൾക്കായി കതിർമണ്ഡപത്തെ വലം വയ്ക്കുന്ന 'ഫേര' ഉൾപ്പെടെയുള്ള ചടങ്ങുകളും നടത്തി.

#WATCH via ANI Multimedia | ‘Sheru weds Sweety; Neighbourhood comes alive amid ‘furry’ wedding festivities in Gurugram, Haryana.https://t.co/60mW9P4V5d

— ANI (@ANI) November 14, 2022

താനും ഭർത്താവും മൃഗസ്‌നേഹിയാണെന്നും മക്കൾ ഇല്ലാത്തതിനാലാണ് വളർത്തുനായയുടെ വിവാഹം നടത്തിയതെന്നും സവിത വെളിപ്പെടുത്തി. അമ്പലത്തിൽ പോകുന്ന വഴിയ്ക്ക് തെരുവുനായ്ക്കൾക്ക് ഭർത്താവ് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. മൂന്ന് വർഷം മുൻപ് ഇത്തരത്തിൽ ഭക്ഷണം കൊടുക്കുന്നതിനിടെ ഒരു നായ ഭർത്താവിനെ അനുഗമിച്ച് വീട്ടിലെത്തി. മക്കളില്ലാത്തതിനാൽ നായയെ സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തുകയായിരുന്നെന്ന് സവിത പറഞ്ഞു.

നായയുടെ വിവാഹം നടത്തണമെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയാണ് നാല് ദിവസങ്ങൾകൊണ്ട് വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത്. സാധാരണയായി വിവാഹങ്ങൾക്ക് നടത്താറുള്ള എല്ലാ ചടങ്ങുകളും സ്വീറ്റിയ്ക്കായും നടത്തണമെന്ന് തീരുമാനിച്ചുവെന്നും സവിത വ്യക്തമാക്കി.

നായ്ക്കളുടെ വിവാഹത്തെക്കുറിച്ചുള്ള സംസാരം ഉയർന്നപ്പോൾ അതൊരു തമാശയായി മാത്രമാണ് ആദ്യം കണ്ടതെന്ന് സ്വീറ്റിയെ വിവാഹം ചെയ്ത ഷേരുവിന്റെ ഉടമയായ മനിത പറഞ്ഞു. എന്നാൽ പിന്നീടിത് ഗൗരവമുള്ള ച‌ർച്ചയായി മാറിയെന്നും അവർ വെളിപ്പെടുത്തി.

അതേസമയം, നായ്ക്കളുടെ വിവാഹം നടത്തിയാൽ പൊലീസ് പിടിക്കുമെന്നും ജയിലിലടയ്ക്കുമെന്നും ചിലർ മുന്നറിയിപ്പ് നൽകിയതായി സവിത പറയുന്നു. എന്നാൽ തങ്ങൾക്ക് ഭയമില്ലായിരുന്നുവെന്നും മക്കളില്ലാത്ത തങ്ങൾക്ക് ഇത് മാത്രമായിരുന്നു ഏക സന്തോഷമെന്നും സവിത വ്യക്തമാക്കി.