sudakaran

കണ്ണൂർ: വീണ്ടും വിവാദ പരാമർശവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്റു വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ തയ്യാറായെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ നവോത്ഥാന സദസിൽവച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം. എ കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കിയത് നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യ ബോധമാണ് കാണിക്കുന്നതെന്നും മറ്റൊരു നേതാവും ഇങ്ങനെ ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു.വിമർശനങ്ങൾക്ക് നെഹ്റു വലിയ സ്ഥാനമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ എസ് എസിന്റെ ശാഖ സംരക്ഷിക്കാൻ ആളെ വിട്ടിരുന്നെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് സുധാകരന്റെ പുതിയ പരാമർശം. അതേസമയം, സുധാകരന്റെ പരാമർശം അംഗീകരിക്കാൻ മുസ്ലീം ലീഗിന് സാധിക്കില്ലെന്ന് എം കെ മുനീർ പ്രതികരിച്ചു. ഈ വിഷയം അടുത്ത മുന്നണിയോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം,​ ആർ എസ് എസിനെ അനുകൂലിച്ച് സുധാകരൻ ഒന്നും പറഞ്ഞിട്ടില്ലെന്നും വാക്കുകൾ വളച്ചൊടിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു.