
ബംഗളൂരു: ദണ്ഡുപാളയ ഗ്യാങ്. മോഷണവും കൊടുംക്രൂരതയും ശീലമാക്കിയ ഒരു പറ്റം മനുഷ്യ മൃഗങ്ങൾ. മോഷണത്തിന് കയറുന്ന വീട്ടിലെ വിലപിടിച്ചതുൾപ്പടെയുള്ള സകലവസ്തുക്കളും കൊള്ളയടിക്കുന്നതിനൊപ്പം അവിടത്തെ താമസക്കാരുടെ മാനവും ജീവനും ഇവർ കവരും. അതും അതിക്രൂരമായി. ചെയ്യുന്ന തെറ്റിൽ അല്പംപോലും പശ്ചാത്താപം ഇല്ലെന്ന് മാത്രമല്ല, തങ്ങൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നവരുമാണ് ഇവർ. വീട്ടിലുള്ള ഓരോരുത്തരെയും കഴുത്തറുത്താണ് കൊല്ലുന്നത്. ഇരകളുടെ ചുടുചോര ചീറ്റിയൊഴുകുന്നതും അവരുടെ മരണ വെപ്രാളവും കാണുന്നതാണ് ഇവർക്ക് ഏറെ സന്തോഷം നൽകുന്നത്. 1996 മുതൽ 2000 വരെയുള്ള കാലത്താണ് ഇവർ കൊടുംക്രൂരതയുടെ പെരുമഴ തീർത്തത്.
എത്തുന്നത് കൂട്ടമായി
സാധാരണ മോഷ്ടാക്കൾ മോഷണത്തിനിറങ്ങുന്നത് ഒറ്റയ്ക്കോ അല്ലെങ്കിൽ ഒന്നോ രണ്ടോ പേർ മാത്രമടങ്ങുന്ന സംഘമായാണ്. എന്നാൽ ദണ്ഡുപാളയ ഗ്യാങ് മോഷണത്തിനെത്തുന്നത് ഒരു കൂട്ടമായാണ്. സ്ത്രീകളും കുട്ടികളും അടക്കം കുറഞ്ഞത് മുപ്പതുപേരെങ്കിലും ഈ സംഘത്തിലുണ്ടാവും. ഇതിലുള്ള ഓരോരുത്തർക്കും ഓരോ ഡ്യൂട്ടിയും ഉണ്ടാവും. ബംഗളൂരുവിലെ കെ ആർ പുരം റെയിൽവേ സ്റ്റേഷന് സമീപത്തുത്തുള്ള ഇവരുടെ ഗ്രാമത്തിൽ നിന്ന് കുറച്ചുദിവസത്തേക്ക് കഴിയാൻ വേണ്ട അത്യാവശ്യ സാധനങ്ങളുമായാണ് ഇവർ മോഷണത്തിനായി യാത്ര തുടങ്ങുന്നത്. ബസുകളിലും ട്രെയിനുകളിലുമാണ് സഞ്ചാരം. വേഷമാേ, സ്വഭാവമോ കണ്ടാൽ ക്രൂരതയുടെ ആൾരൂപങ്ങളാണ് ഇവരെന്ന് ആരും പറയില്ല. നിഷ്കളങ്കത ജനിപ്പിക്കുന്ന മുഖഭാവമാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
ഈ സഞ്ചാരത്തിനിടയിലാവും മോഷണത്തിന് പറ്റിയ സ്ഥലം ഇവർ കണ്ടുവയ്ക്കുന്നത്. ഒരിക്കലും നഗരത്തിലോ, നഗരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളോ ഇവർ മോഷണത്തിനായി തിരഞ്ഞെടുക്കില്ല. എളുപ്പത്തിൽ തങ്ങളുടെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിനാണ് ഇത്. അതുപോലെ പിടിക്കപ്പെടുന്നത് ഒഴിവാക്കാനും.

എത്തുന്നത് രാവിലെ എട്ടിനും പത്തിനും ഇടയിൽ
മോഷണത്തിന് പറ്റിയ വീട് കണ്ടെത്തിക്കഴിഞ്ഞാൽ അധികം വൈകാതെ തന്നെ ഓപ്പറേഷൻ നടത്തും. മോശമല്ലാത്ത സമ്പന്നരെന്ന് കരുതുന്നവരുടെ വീടാണ് തിരഞ്ഞെടുക്കുക. വീടുകണ്ടുപിടിച്ചാൽ പരിസരം ഉൾപ്പടെ കാര്യമായി നിരീക്ഷിക്കും. ആ വീടിന്റെ പരിസരത്ത് മറ്റുവീടുകളുണ്ടോ, മോഷണം നടത്താൻ തീരുമാനിച്ച വീട്ടിൽ എത്രപേരുണ്ട്. അതിൽ സ്ത്രീകൾ എത്ര. കുട്ടികൾ എത്ര, പട്ടിയുണ്ടോ എന്നുതുടങ്ങി സകല കാര്യവും ഇവർ മനസിലാക്കിയിരിക്കും. ഇതിനായി ദണ്ഡുപാളയ ഗ്യാങിലുള്ളവർ ആ വീട്ടിലും പരിസരത്തുമെല്ലാം പല വേഷത്തിലും പലപ്രാവശ്യം വന്നിരിക്കും. വീട്ടിലെ ആൾക്കാരുടെ എണ്ണം മനസിലാക്കാൻ രാവിലെ എട്ടുമണിക്കും പത്തുമണിക്കും ഇടയിലാണ് ഇവർ എത്തുന്നത്. ജോലിസ്ഥലത്തേക്കും വിദ്യാലയങ്ങളിലേക്കും മറ്റിടങ്ങളിലേക്കും പോകാനായി വീട്ടിലുള്ള എല്ലാവരും ഈ സമയത്ത് പുറത്തിറങ്ങും എന്നതിനാലാണിത്. വീട്ടിൽ പട്ടിയുണ്ടെങ്കിലും ഇവർ മോഷണം ഉപേക്ഷിക്കും.
മോഷണ ദിവസം തീരുമാനിച്ചാൽ പിന്നെ പൂജയാണ്. ഇതിൽ ബലിതർപ്പണം മുഖ്യം. കോഴിയോ ആടിനെയോ ആണ് ബലികൊടുക്കുന്നത്. ഇവയുടെ കഴുത്തറുത്ത് രക്തം ഒരു പാത്രത്തിൽ ശേഖരിക്കും. മോഷണത്തിനും കൊലപാതകത്തിനും ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഈ രക്തം തളിക്കും. പൂജയ്ക്കുശേഷം ശേഷിക്കുന്ന രക്തം സംഘത്തിലുള്ള എല്ലാവരും കുടിക്കും. അതോടെ പ്രത്യേക ശക്തിയും കഴിവും കൈവരുമെന്നാണ് വിശ്വാസം.
ഈച്ചപോലും കയറില്ല
ഗ്യാങിലുള്ള എല്ലാവരും മോഷണം നടത്തുന്ന വീട്ടിൽ കയറില്ല. കുറച്ചുപേർ ആ വീട്ടിലേക്ക് വരുന്ന പ്രധാന വഴിയുടെ പല സ്ഥലങ്ങളിലായി നിൽക്കും. മറ്റുള്ളവർ ഇവിടേക്ക് വരുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. കുറച്ചുപേർക്ക് അയൽവാസികളെ നിരീക്ഷിക്കുന്നതാണ് ഡ്യൂട്ടി. മോഷണം നടക്കുന്ന വീട്ടിൽ നിന്ന് എന്തെങ്കിലും ശബ്ദമോ ബഹളമോ കേട്ടാൽപ്പോലും അയൽവാസികളുടെ ഇടപെടൽ ഒഴിവാക്കുന്നതിനുവേണ്ടിയാണിത്. മോഷണത്തിനുശേഷം കൊള്ളമുതൽ വാഹനത്തിൽ കയറ്റുന്നതുവരെ ഇവർക്ക് ഡ്യൂട്ടിയുണ്ടാവും.

വെള്ളം ചോദിച്ചെത്തും, പിന്നെ എല്ലാം കവരും
ഒന്നോ രണ്ടോ പേരാണ് മോഷണം നടത്താൻ സ്കെച്ചുചെയ്ത വീട്ടിൽ ആദ്യം എത്തുന്നത്. കുടിവെള്ളം ചോദിച്ചെത്തുന്ന ഇവരിൽ ഒരു സംശയവും തോന്നാത്തതിനാൽ വീട്ടുകാർ വെള്ളമെടുക്കാൻ വീട്ടിനുള്ളിലേക്ക് പോകാൻ തിരിയും. അപ്പോഴാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടാകുന്നത്. മൂർച്ചയുള്ള ആയുധംകൊണ്ട് പിന്നിൽ നിന്ന് അടിച്ചുവീഴ്ത്തും. ഒന്ന് നിലവിളിക്കാൻ പോലുമാകാതെ ഇര ബോധംകെട്ട് വീഴും. ഇതോടെ ഇരുളിൽ പലയിടങ്ങളിലായി ഒളിച്ചിരിക്കുന്ന സംഘങ്ങൾ വീട്ടിനുള്ളിലേക്ക് ഇരച്ചുകയറും. ഇതിനിടെ തന്നെ വൈദ്യുത, ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചിരിക്കും.
വീട്ടിനുള്ളിലെ എല്ലാ മുറികളിലും കയറിയിറങ്ങുന്ന ഇവർ അവിടെയുള്ള വിലപിടിച്ച വസ്തുക്കൾ എല്ലാം ഒരിടത്തുകൊണ്ടുവയ്ക്കും. പിന്നീടാണ് താമസക്കാർക്ക് നേരേ തിരിയുന്നത്. എല്ലാം എടുത്തോ, ജീവൻ മാത്രം ബാക്കിതന്നാൽ മതി എന്ന് പറഞ്ഞാലൊന്നും ഇവർ അലിയില്ല. അടിച്ച് ബോധംകെടുത്തിയിട്ടിക്കുന്ന ഇരയുടെ മേലാവും ആദ്യത്തെ ക്രൂരത. ആണായിരുന്നാലും പെണ്ണായിരുന്നാലും അയാളെ ലൈംഗികമായി ഉപദ്രവിക്കും. ആണും പെണ്ണും ചേർന്ന് കൂട്ടമായാണ് ഉപദ്രവിക്കുക. പിന്നീട് കഴുത്തറുത്തുകൊല്ലും. വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ ഗതിയും ഇതുതന്നെയാവും. കൊച്ചുകുട്ടികളെപ്പോലും വെറുതേ വിടാറില്ല. ഇരയുടെ കഴുത്തിൽ കത്തിവയ്ക്കുമ്പോൾ കിട്ടുന്ന ലഹരി തനിക്ക് മറ്റൊരിടത്തുനിന്നും ഒരിക്കലും കിട്ടിയിട്ടില്ല എന്നാണ് സംഘത്തിൽപ്പെട്ട കൃഷ്ണൻ എന്നയാൾ കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ പറഞ്ഞത്. ചീറ്റിത്തെറിക്കുന്ന രക്തത്തിന്റെ ഗന്ധവും പ്രാണൻ പോകുമ്പോൾ ഇരയുടെ തൊണ്ടയിൽ നിന്നും വരുന്ന ശബ്ദവുമാണത്രേ ഇവർക്ക് ഏറെ ഇഷ്ടം.
മോഷണവസ്തുക്കൾ ലോറിയിൽ കയറ്റിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് സ്ഥലം വിടും. പിന്നെ നേരേ എത്തുന്നത് സ്വന്തം ഗ്രാമത്തിലായിരിക്കും.

സ്വർണം മുതിർന്നയാൾക്ക്
ഒരേ കുടുംബക്കാരാണ് ദണ്ഡുപാളയ ഗ്യാങിലുള്ളതെന്നതിനാൽ ഇവർ തമ്മിൽ മോഷണമുതൽ പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള കലഹമേയില്ല. സ്വർണം സംഘത്തിലെ മുതിർന്ന സ്ത്രീക്ക് അവകാശപ്പെട്ടതാണ്. അവർ സ്വർണാഭരണങ്ങളെ ഇടിച്ച് ചപ്പിച്ച് രൂപമാറ്റം വരുത്തും. പിന്നീടാണ് വിൽക്കുന്നത്. അങ്ങനെകിട്ടുന്ന പണം പങ്കിട്ടെടുക്കും. ഒരിക്കലും മാേഷ്ടിച്ചെടുക്കുന്ന സ്വർണാഭരണങ്ങൾ സംഘത്തിലാരും ഉപയോഗിക്കില്ല. അതുപോലെതന്നെ മറ്റു സാധനങ്ങളും.1930കളിൽ ആന്ധ്രയിൽ നിന്ന് കുടിയേറ്റിയ വെങ്കട് സ്വാമി എന്നയാളാണ് ദണ്ഡുപാളയക്കാരുടെ ഗ്രാമം സ്ഥാപിച്ചത്. ഇയാളുടെ ബന്ധുക്കളും കുടുംബക്കാരുമായിരുന്നു ഇവിടത്തെ അംഗങ്ങളെല്ലാം. ക്രമേണ അവർ മോഷണത്തിലേക്ക് തിരിയുകയായിരുന്നു.
കൊടുംക്രൂരരാണെന്ന് സത്യമാണെങ്കിലും ഇവർ എത്രപേരെ കൊന്നിട്ടുണ്ടെന്നോ എത്രവീടുകളിൽ മോഷണം നടത്തിയിട്ടുണ്ടെന്നോ ഉള്ളതിന് വ്യക്തമായ കണക്കുകൾ ലഭ്യമല്ല. ക്വട്ടേഷനും മറ്റുമായി രാഷ്ട്രീപ്പാർട്ടികൾ പോലും ഇവരെ ഉപയോഗപ്പെടുത്തിയെന്നും ചിലർ പറയുന്നുണ്ട്. സത്യം എന്തുതന്നെയായാലും ഗ്യാങിലുള്ള ഒട്ടുമുക്കാൽപ്പേരും ഇപ്പോൾ ജയിലിലാണ്. ഇവരുടെ കഥ സിനിമായിട്ടുമുണ്ട്.