
യുവ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ പപ്പു (സുധീഷ് ) കാഴ്ചകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു.
ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രം സെക്കൻഡ് ഷോയിലൂടെയാണ് പപ്പുവും സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്.ഞാൻ സ്റ്റീവ് ലോപ്പസ്, കൂതറ, അയാൾ ശശി, ഈട, റോസ് ഗിറ്റാറിനാൽ , ഒാട്ടം, ഡി കമ്പനി ,നഗരവാരിധിയിൽ നടുവിൽ ഞാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്‍ത ബോളിവുഡ് ചിത്രം ചാന്ദ്നി ബാറിന്റെ അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫറായാണ് പപ്പു ചലച്ചിത്ര പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫറായി. രാജീവ് രവി ചിത്രങ്ങളായ അന്നയും റസൂലും, കമ്മട്ടിപ്പാടം, തുറമുഖം എന്നീ സിനിമകളുടെ സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകനായും പ്രവർത്തിച്ചു. മജു സംവിധാനം ചെയ്‍ത് അപ്പൻ ആണ് അവസാനമായി ഛായാഗ്രഹണം നിർവഹിച്ച സിനിമ. എന്നാൽ ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടർന്ന് പിന്മാറുകയായിരുന്നു.