
മുംബയ്: 18 നും 69 നും ഇടയിൽ പ്രായമുള്ള മുംബയ് നിവാസികളിൽ 18 ശതമാനം പേർക്കും പ്രമേഹമുണ്ടെന്ന് കണ്ടെത്തൽ. ലോക പ്രമേഹ ദിനത്തിന് മുന്നോടിയായി നഗരത്തിലെ 24 വാർഡുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ നടന്ന സർവേയിൽ 6,000ത്തിലധികം ആളുകളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചു. സ്ത്രീകളിലും പുരുഷന്മാരിലും 126 എം.ജി/ഡി.എല്ലിൽ കൂടുതൽ ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ് വർദ്ധിച്ചെന്ന് ഇതിലൂടെ കണ്ടെത്തി. ഉയരം, ഭാരം, രക്തസമ്മർദ്ദം എന്നിവയുടെ അളവുകൾ, രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്‌ട്രോൾ എന്നിവയുടെ അളവ് തുടങ്ങിയവയാണ് പരിശോധിച്ചത്. 2019-20 ലെ എൻ.എഫ്.എച്ച്.എസ് 5 റിപ്പോർട്ടിലും ഇക്കാര്യങ്ങളുണ്ടായിരുന്നു.
17 ശതമാനം സ്ത്രീകളുടെയും 15 വയസിന് മുകളിലുള്ള 18 ശതമാനം പുരുഷന്മാരുടെയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 140 എം.ജി/ഡി.എല്ലിൽ കൂടുതലാണ്. അതേസമയം 'പ്രമേഹം ബാധിച്ച 50 ശതമാനം പേർക്കും തങ്ങൾക്ക് രോഗമുണ്ടെന്ന് അറിവില്ലെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ സൗത്ത് ഏഷ്യ ചെയർമാനായ ഡോ. ശശാങ്ക് ജോഷി പറഞ്ഞു.
2021ലെ മരണങ്ങളിൽ 14 ശതമാനത്തിനും കാരണം പ്രമേഹമാണ്. എന്നാൽ മുംബയിലെ മരണങ്ങളിൽ 25 ശതമാനത്തിനും കാരണം ഹൃദ്രോഗമാണെന്നും പ്രമേഹവും രക്തസമ്മർദ്ദവുമാണ്. ആളുകൾ ദിവസം എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കണം. വേഗത്തിലുള്ള നടത്തം നിങ്ങളുടെ ജീവിതത്തിലേക്ക് നാല് വർഷം കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമേഹ രോഗികൾ 18 ശതമാനം
18 നും 69 നുമിടയിലുള്ള മുംബയ്ക്കാരിൽ പ്രമേഹമുള്ളവർ- 18%
പരിശോധന നടത്തിയ ആളുകൾ- 6000
സ്ത്രീകളിലും പുരുഷന്മാരിലും കൂടുതലുള്ള ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ്- 126 എം.ജി/ഡി.എൽ
പ്രമേഹം ഉണ്ടെന്ന് തിരിച്ചറിയാത്തവർ- 50 %
രാജ്യത്തെ 2021ലെ പ്രമേഹ മരണം- 14 %
മുംബയിലെ പ്രമേഹ മരണം- 25 %
വേണ്ടത് വ്യായാമവും എട്ടു മണിക്കൂർ ഉറക്കവും