
അങ്കാറ: തുർക്കിയിലെ ഇസ്‌താംബുളിൽ തക്‌സിം സ്‌ക്വയറിലെ ഇസ്‌തിക്‌ലൽ സ്ട്രീറ്റിൽ ആറ് പേർ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച സിറിയൻ വനിത അടക്കം 46 പേർ അറസ്റ്റിൽ. സിറിയൻ വനിതയാണ് ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി അംഗമായ ഇവർ കുറ്റസമ്മതം നടത്തിയെന്നാണ് വിവരം.
ബോംബ് സ്ഥാപിക്കാൻ ഇവർക്ക് സിറിയയിലെ കുർദ്ദിഷ് വിമതരിൽ നിന്ന് പരിശീലനം ലഭിച്ചെന്നും വടക്ക് പടിഞ്ഞാറൻ സിറിയയിലെ അഫ്രിൻ മേഖലയിലൂടെയാണ് തുർക്കിയിലേക്ക് കടന്നതെന്നും പറയപ്പെടുന്നു. ബോംബ് സ്ഥാപിച്ച ശേഷം തുർക്കി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഗ്രീസിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം.
തുർക്കിയും പാശ്ചാത്യ സഖ്യകക്ഷികളും കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയെ തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ചയുണ്ടായ സ്ഫോടനത്തിൽ 81 പേർക്ക് പരിക്കേറ്റിരുന്നു.