milma

തിരുവനന്തപുരം; പാൽ വില കൂട്ടുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ കൂട്ടണമെന്ന് മിൽമയുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജെ ചിഞ്ചുറാണി ഇക്കാര്യം വ്യക്തമാക്കിയത്.

പാൽ വില കൂട്ടാൻ നാളെ സർക്കാരിന് മിൽമ ശുപാർശ നൽകും. ലിറ്രറിന് 8.57 രൂപ കൂട്ടാനാണ് ശുപാർശ നൽകുന്നത്. ഈ മാസം 21ന് അകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് മിൽമയുടെ അവശ്യം.

ലിറ്ററിന് ഏഴുമുതൽ എട്ടുരൂപവരെ വർദ്ധിപ്പിച്ചാൽ മാത്രമേ കമ്മിഷനും മറ്റുംകഴിഞ്ഞ് ആറുരൂപയെങ്കിലും കർഷകന് ലഭിക്കൂ എന്നാണ് സമിതിയുടെ വിലയിരുത്തൽ. കഴിഞ്ഞതവണ പാൽവില കൂട്ടിയെങ്കിലും കമ്മിഷൻ കഴിഞ്ഞ് മൂന്നുരൂപ 66 പൈസ മാത്രമേ ലഭിച്ചിരുന്നുള്ളുവെന്ന് കർഷകർ പരാതിപ്പെട്ടിരുന്നു. നാലുരൂപയാണ് ഏറ്റവും ഒടുവിലായി മിൽമ കൂട്ടിയത്.

കേരളത്തിലെ പാൽ ഉത്പാദനത്തിന്റെ ചെലവും മറ്റും പഠിക്കുന്നതിന് വെറ്ററിനറി സർവ്വകലാശാലയിലെയും കാർഷിക സർവ്വകലാശാലയിലെയും വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചിരുന്നു. പഠനറിപ്പോർട്ടിലെ ശുപാർശകൾ കൂടി പരിഗണിച്ച് ഉചിതമായി വില കൂട്ടണമെന്ന് കേരള ക്ഷീര വിപണന ഫെഡറേഷന്റെയും മേഖലായൂണിയനുകളുടെയും ചെയർമാൻമാരും മാനേജിംഗ് ഡയറക്ടർമാരും അടങ്ങുന്ന പ്രോഗ്രാമിംഗ് കമ്മിറ്റി ശുപാർശ ചെയ്തതായി മിൽമ ചെയർമാൻ അറിയിച്ചിരുന്നു.