
പരിശീലകൻ എറിക് ടെൻ ഹാഗിനെ ബഹുമാനിക്കുന്നില്ല,
ക്ലബിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നു
ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ വഞ്ചിക്കപ്പെട്ടെന്നും പരിശീലകൻ എറിക് ടെൻ ഹാഗ് ക്ലബിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണെന്നും ഉൾപ്പെടെ ഫുട്ബാൾ ലോകത്തെ പിടിച്ചു കുലുക്കിയ വൻ ആരോപണങ്ങളുമായി പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഖത്തർ ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് പിയേഴ്സ് മോർഗന് അനുവദിച്ച അഭിമുഖത്തിലാണ് റൊണാൾഡോ യുണൈറ്റഡിനെതിരെ തുറന്നടിച്ചത്. മോർഗന്റെ യുട്യൂബ് ചാനലിനായി റൊണാൾഡോ നൽകിയ അഭിമുഖത്തിന്റെ പ്രൊമോഷൻ വീഡിയോയിലൂടെയാണ് താരത്തിന്റെ വിവാദ പരാമർശങ്ങൾ പുറത്തുന്നത്.
ടെൻ ഹാഗുമായി നല്ല ബന്ധത്തിലല്ല
മാഞ്ചസ്റ്രർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗിനോട് എനിക്ക് യാതൊരു ബഹുമാനവുമില്ല. കാരണം അദ്ദേഹം എനിക്കൊരു ബഹുമാനവും തരുന്നില്ല. എന്നെ ബഹുമാനിക്കാത്തവരെ ഞാനും ബഹുമാനിക്കാറില്ല. ടെൻ ഹാഗ് എന്നെ യുണൈറ്റഡിൽ നിന്ന് പുറക്കാൻ ശ്രമിക്കുകയാണ്. അയാൾ മാത്രമല്ല, ക്ലബിലെ മറ്റ് രണ്ട്, മൂന്ന് പേർകൂടി എന്നെ ചതിച്ചെന്ന് വിശ്വസിക്കുന്നു.
പുറത്താക്കാൻ ശ്രമിക്കുന്നു
ടെൻ ഹാഗിനൊപ്പം ക്ലബിലെ രണ്ട്, മൂന്ന് ഉന്നതൻമാർ കൂടി എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞവർഷവും പുറത്താക്കാനുള്ള ശ്രമമുണ്ടായിരുന്നു. ഞാനത് കാര്യമാക്കുന്നില്ല. പക്ഷേ സത്യം എല്ലാവരും അറിയണം.
വന്നത് ഫെർഗുസൻ പറഞ്ഞിട്ട്
മുൻ പരിശീലകൻ സർ അലക്സ് ഫെർഗുസൻ വിളിച്ചിട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. അദ്ദേഹം എന്നോട് മാഞ്ചസ്റ്രർ സിറ്റിയിൽ പോകരുതെന്ന് പറഞ്ഞു. ഞാനത് കേട്ടു. ഫെർഗുസൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ക്ലബിന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇപ്പോൾ ക്ലബ് ശരിയായ ദിശയിലല്ല പോകുന്നത്.
റാഗ്നിക്ക് ആര്?
കഴിഞ്ഞ സീസണിൽ പരിശീകനായിരുന്ന റാൾഫ് റാഗ്നിക്കിനെ കുറിച്ച് മുമ്പ് കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. ഒരു കോച്ചുപോലും അല്ലാത്തയാൾ എങ്ങനെയാണ് യുണൈറ്റഡിന്റെ ബോസായി എന്ന് മനസിലാകുന്നില്ല.
റൂണിക്ക് അസൂയ
മുൻപ് യുണൈറ്റഡിൽ സഹതാരമായിരുന്ന വെയ്ൻ റൂണി എന്തുകൊണ്ടാണ് എന്നെ വിമർശിക്കുന്നതെന്ന് അറിയില്ല. ഒരുപക്ഷേ അദ്ദേഹം കളിനിറുത്തിയിട്ടും ഞാൻ ഉയർന്ന തലത്തിൽ കളിക്കുന്നതുകൊണ്ടാകും. ഞാൻ അദ്ദേഹത്തേക്കാൾ മികച്ചവനാണെന്നത് സത്യമാണെങ്കിലും ഞാനത് പറയുന്നില്ല. - റൊണാൾഡോ പറഞ്ഞു.
സീസണിന്റെ തുടക്കം മുതലേ അതൃപ്തൻ
ഈ സീസണിന്റെ തുടക്കം മുതലേ റൊണാൾഡോ യുണൈറ്രഡിൽ അതൃപ്തനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ടീമിന് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കാതെ വന്നതിനെത്തുടർന്ന് മറ്റ് ക്ലബുകളിലേക്ക് മാറാൻ റൊണാൾഡോ ശ്രമം നടത്തിയിരുന്നെങ്കിലും നടന്നില്ല. ടീമിന്റെ പ്രീസീസൺ പരിശീലനത്തിലും മത്സരങ്ങളിൽ നിന്നും റൊണാൾഡോ വിട്ടു നിന്നത് ടെൻ ഹാഗിനെ ചൊടിപ്പിച്ചിരുന്നു. ഈ സീസണിൽ പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു റൊണാൾഡോ. കഴിഞ്ഞയിടെ ടോട്ടൻ ഹാമിനെതിരായ മത്സരത്തിനിടെ സൈഡ് ബഞ്ചിലായിരുന്ന റൊണാൾഡോ കോച്ചുമായി ഉടക്കി മത്സരം അവസാനിക്കുന്നതിന് മുമ്പ് ഡ്രസിംഗ് റൂമിലേക്ക് പോയത് വിവാദമായിരുന്നു. ചെൽസിക്കെതിരായ അടുത്ത മത്സരത്തിൽ റൊണാൾഡോയ്ക്ക് ക്ലബ് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ഞായറാഴ്ച ഫുൾഹാമിനെതിരായ മത്സരത്തിലും റൊണാൾഡോയെ കളിപ്പിച്ചില്ല. 2021 ആഗസ്റ്റിലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്.
രണ്ടാം വരവിലെ ആദ്യ മത്സരത്തിൽ ന്യൂകാസിലിനെതിരെ രണ്ട് ഗോളടിച്ച് മാസ് എൻട്രി നടത്തിയ റൊണാൾഡോ രണ്ടാഴ്ചയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ ഈ സീസണിൽ താരം നിറം മങ്ങുകയായിരുന്നു. രണ്ടാം വരവിൽ യുണൈറ്റഡിനായി 40 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടി. ജനുവരിയിലെ ട്രാൻസ്ഫർ ജാലകം തുറക്കുമ്പോൾ റൊണാൾഡോ പുതിയ ക്ലബ് നോക്കിയേക്കും.
കരാർ റദ്ദാക്കിയേക്കും
ക്ലബിനും പരിശീലകനുമെതിരെ മോശംപരാമർശം നടത്തിയ റൊണാൾഡോയുമായുള്ള കരാർ അടിയന്തരമായി റദ്ദാക്കാൻ യുണൈറ്റഡ് ക്ലബ് അധികൃതർ നീക്കം തുടങ്ങിയതായാണ് വിവരം. ക്ലബിന്റെ മുൻ താരങ്ങൾ ഉൾപ്പെടെ റൊണാൾഡോയ്ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്.
റൊണാൾഡോയുടെ ഐഡിയ
അഭിമുഖം റൊണാൾഡോയുടെ ഐഡിയ ആയിരുന്നുവെന്നും അദ്ദേഹം ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെട്ടിട്ടാണ് അഭിമുഖം ചെയ്തതെന്നും പിയേഴ്സ് മോർഗൻ പറഞ്ഞു. താൻ പോർച്ചുഗലിന്റെ ലോകകപ്പ് ടീമിനൊപ്പം ചേർന്ന ശേഷം അഭിമുഖം പുറത്തുവിടണമെന്നായിരുന്നു ആവശ്യം. രണ്ട് ഭാഗങ്ങളായുള്ള അഭിമുഖം നാളെയും മറ്റെന്നാളുമായും മോർഗന്റെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യും.