slovania

ലൂബ്ലിയാന: സ്ലോവേനിയയുടെ ആദ്യ വനിതാ പ്രസിഡന്റായി നടാഷ പിർക് മുസാറിനെ (54) തിരഞ്ഞെടുത്തു. യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ അഭിഭാഷകയായിരുന്നു നടാഷ. രാജ്യത്തെ മദ്ധ്യ - ഇടത് സർക്കാരിന്റെ പിന്തുണയോട് കൂടിയ സ്വതന്ത്ര സ്ഥാനാർത്ഥിയായ നടാഷ സ്ലോവേനിയൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി അൻസ് ലോഗറെയാണ് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ പത്ത് വർഷം രാജ്യത്തെ ഡേറ്റ പ്രൊട്ടക്ഷൻ അതോറിട്ടിയുടെ തലപ്പത്ത് പ്രവർത്തിച്ച നടാഷ 54 ശതമാനം വോട്ട് നേടിയപ്പോൾ എതിരാളിയും മുൻ വിദേശകാര്യ മന്ത്രിയുമായ ലോഗറിന് 46 ശതമാനം വോട്ടാണ് ലഭിച്ചത്. മനുഷ്യാവകാശ പ്രവർത്തകയും മാദ്ധ്യമ പ്രവർത്തകയും കൂടിയായ നടാഷ അടുത്ത മാസം 22ന് പ്രസിഡന്റായി ചുമതലയേൽക്കും.