
സംസ്ഥാനത്തു പിൻവാതിൽ നിയമനം കത്തിനിൽക്കുമ്പോൾ സർക്കാർ ജോലിക്കായി രാപ്പകൽ കഷ്ടപ്പെടുന്ന പി. എസ്.സി ഉദ്യോഗാർത്ഥി എന്ന നിലയിൽ ചില കാര്യങ്ങൾ സർക്കാരിനോട് ചോദിക്കട്ടെ. മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ അംഗങ്ങളെ നിയമിച്ച് പി.എസ്.സി എന്ന ഭരണഘടനാസ്ഥാപനം ഇവിടെ പ്രവർത്തിക്കുമ്പോൾ, നിരവധി ഉദ്യോഗസ്ഥർ ജോലിചെയ്യുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനം ഉള്ളപ്പോൾ, ഈ രണ്ട് സ്ഥാപനങ്ങൾ വഴിമാത്രം സർക്കാർ ഒഴിവിൽ ആളെ എടുത്താൽ പോരെ ? എന്തിനാണ് തദ്ദേശസ്ഥാപനങ്ങൾ,സഹകരണ പരീക്ഷാബോർഡ്, ദേവസ്വം ബോർഡ്,സി.എം.ഡി തുടങ്ങിയവർ നിയമനം നടത്തുന്നത്.
ഉറക്കം കളഞ്ഞ് പഠിച്ച് പി.എസ്.സി പരീക്ഷ ജയിച്ച് ലിസ്റ്റിൽ പേര് വന്നാലും ജോലികിട്ടില്ല. ഇഷ്ടക്കാരെ താത്കാലികക്കാരായി നിയമിക്കും, തക്കംകിട്ടുമ്പോൾ സ്ഥിരപ്പെടുത്തും. ലിസ്റ്റിൽ പേരുള്ളവർ വീണ്ടും അടുത്ത പരീക്ഷയ്ക്ക് പഠിക്കും, വീണ്ടും ലിസ്റ്റിൽ പേര് വരും പക്ഷേ നിയമനം തിരുകികയറ്റിയ ഇഷ്ടക്കാർക്ക് ! എന്നപ്പോലുള്ള ഉദ്യോഗാർത്ഥികളെ മണ്ടന്മാരാക്കുന്നതിനെക്കാൾ നല്ലത് പി.എസ്.സി സംവിധാനം പിരിച്ചുവിടുന്നതല്ലേ. ജനങ്ങളുടെ നികുതി പണമെങ്കിലും ലാഭിക്കാമല്ലോ.
സായി രവി
കുണ്ടറ,കൊല്ലം